Thursday, December 19, 2013

ചെറുതുള്ളി

സമുദ്രത്തിലെ ഒരു തുള്ളിയല്ല
നീ
ഒരു മഹാസാഗരം
ഉള്ളിലൊതുക്കിയ
ചെറുതുള്ളി

Friday, September 24, 2010

ഒരുറുമ്പും ധാന്യമണിയും

ദേഹി ഒരുറുമ്പ് .
ദേഹമോ ,
അത്
ചുമക്കുന്ന
ധാന്യമണിയും .

ഉറുമ്പിനറിയാം

അതുവഹിക്കുന്ന ചുമട്
മാറ്റത്തിനു വിധേയമെന്നും
നശ്വരമെന്നും.

ബാര്‍ലി ചുമക്കുന്ന ഉറുമ്പ്
ഗോതമ്പുമണി ചുമക്കുന്നതിനടുത്തേക്ക്
അടുക്കുമ്പോള്‍
ധാന്യങ്ങളുടെ ഒത്തുചേരല്‍
അതിന്റെ പരിണത ഫലം മാത്രം.
ഉറുമ്പുകളാണ് പരസ്പരം
അടുക്കുന്നത് .

നിന്റെ ദൃഷ്ടികള്‍ ചുമടിലല്ല
ചുമട്ടുകാരനില്‍ പതിപ്പിക്കൂ .

കറുത്ത ഉറുമ്പ്
കറുത്ത പ്രതലത്തിലൂടെ നീങ്ങവേ
അവ കാഴ്ചയില്‍ നിന്നും
മറയുന്നു.
കാണുന്നത്
ധാന്യത്തെ മാത്രം .

അകക്കണ്ണ് തുറക്കൂ ;
വാഹകനില്ലാതെ
ധാന്യത്തിനു ചലിക്കാനാവില്ലെന്നറിയൂ.

Thursday, September 16, 2010

നിര്‍വ്വചനങ്ങള്‍ക്കതീതം

അവരെന്നോടു ചോദിച്ചൂ :
"അനുരാഗി എന്നാല്‍ എന്താണ് ?"
ഞാന്‍ പറഞ്ഞു :
"അര്‍ഥങ്ങള്‍ എന്നോട്
ചോദിക്കാതിരിക്കുക.
എപ്പോള്‍ നീ എന്നെപ്പോലെ
ഒരനുരാഗിയാകുന്നുവോ ,
അപ്പോള്‍ നിനക്കതിന്‍
പൊരുളറിയാം."

പ്രണയം നിര്‍വ്വചനാതീതം.
അതു വാക്കുകളാല്‍ വര്‍ണ്ണിക്കുന്നവര്‍
പ്രണയമനുഭവിക്കാത്തവര്‍ .

പ്രപഞ്ചം

ഈ പ്രപഞ്ചമൊരു കെണി ,
ആഗ്രഹങ്ങള്‍
അതില്‍ കൊളുത്തിയ ഇരയും.
കെണിയില്‍ നിന്നും രക്ഷനേടൂ ,
അവനുനേരെ തിരിയൂ .

അവന്റെ വീഥിയില്‍
അനുഗ്രഹങ്ങള്‍
നിന്നെ കാത്തിരിക്കുന്നു.

ആഗ്രഹങ്ങള്‍ വെടിയൂ,
അവന്റെ പനിനീര്‍തോട്ടത്തില്‍
അവനോടൊപ്പം കഴിയൂ.

Wednesday, September 8, 2010

പ്രണയം സര്‍വ്വസ്വം !

മകനേ, നിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിയൂ.
ഇനിയുമെത്രനാള്‍ പൊന്നിന്റെയും വെള്ളിയുടേയും
ദാസനായിക്കഴിയും?

സമുദ്രത്തെ
നിനക്ക് ഒരു പാനപാത്രത്തില്‍
നിറയ്ക്കാന്‍ കഴിയുമോ?
അത്യാഗ്രഹിയുടെ കണ്ണ്
ഒരിയ്ക്കലും തൃപ്തിയടയില്ല.
ചിപ്പി സംതൃപ്തനായാല്‍ മാത്രമേ
അതില്‍ മുത്തുനിറയൂ.

ഒരുവനിലെ
അത്യാഗ്രഹങ്ങളുടെ
കുപ്പായം കീറിയെറിയും വരേയ്ക്കും
അവന്‍ സ്നേഹിക്കപ്പെടാന്‍ യോഗ്യന്‍ ..

അല്ലയോ
പരിശുദ്ധപ്രണയമേ,
നീയാണ് ഞങ്ങളുടെ വൈദ്യന്‍ .
ദുരഭിമാനത്തിനും, നാട്യങ്ങള്‍ക്കും
മറുമരുന്നും നീ.

നീ
തന്നെ ഞങ്ങളുടെ പ്ലേറ്റോയും ഗാലനും.
അചഞ്ചലനായ
പര്‍വതവും
പ്രണയത്താല്‍ ആനന്ദനൃത്തമാടും!
സീനാമലയ്ക്ക് ജീവന്‍നല്‍കിയ സ്നേഹത്താലാണ്
മൂസാനബി ബോധരഹിതനായതും .

പ്രാണപ്രിയനില്‍നിന്നു
വേര്‍പെട്ടവന്‍ മൂകനായ്‌ മാറും.
എന്റെ അധരങ്ങളില്‍ പ്രണയിയുടെ
ചുംബനം ലഭിച്ചാല്‍ ഞാനുമൊരു
പുല്ലാങ്കുഴലായി മാറും .

വാക്കുകള്‍ക്ക് അര്‍ത്ഥവും ഗുണവും കിട്ടാന്‍
ആസ്വദിക്കുവാനുള്ള ഹൃദയം വേണം.

പ്രതിഛായ
ഉണ്ടാവില്ലെങ്കില്‍
പിന്നെ കണ്ണാടിയെന്തിന്!
സ്നേഹത്തിന്റെ
ചെറുകാറ്റുപോലുമേശത്തതിനാല്‍
അത് പൊടിയാല്‍ മറഞ്ഞിരിക്കുന്നു.

Wednesday, August 25, 2010

അനശ്വരതയുടെ മധു

പ്രണയത്തില്‍
അനശ്വരതയുടെ
മധു നുകരുക .
മറ്റൊന്നിനും
അവിടെ സ്ഥാനമില്ല .

ആത്മ ത്യാഗം
ചെയ്യാത്ത
പ്രണയത്തില്‍
പൂര്‍ണ്ണതയില്ല .

ഞാന്‍ പറഞ്ഞു :
"ആദ്യം ഞാന്‍
നിന്നെയറിഞ്ഞു ,
പിന്നെ ഞാന്‍
മരിച്ചു ."

അവന്‍ പറഞ്ഞു :
"എന്നെയറിഞ്ഞാല്‍
പിന്നെ
മരണമില്ല . "

മറഞ്ഞിരിക്കുന്ന യാഥാര്‍ഥ്യം

യാഥാര്‍ഥ്യം
മറഞ്ഞിരിക്കുമ്പോള്‍
നാം വസ്തുക്കളെ
മഹത്തരമായി
കരുതുന്നു ,
ആഗ്രഹിക്കുന്നു .

ആസക്തി
തിന്മകളെ
സുന്ദരമാക്കുന്നു ,
വെടിമരുന്നിനെ
അഗ്നിയെന്ന പോല്‍ .

യാഥാര്‍ഥ്യം
വെളിപ്പെടുമ്പോള്‍
നാമതിനെ
വെറുക്കുന്നു.