Friday, September 24, 2010

ഒരുറുമ്പും ധാന്യമണിയും

ദേഹി ഒരുറുമ്പ് .
ദേഹമോ ,
അത്
ചുമക്കുന്ന
ധാന്യമണിയും .

ഉറുമ്പിനറിയാം

അതുവഹിക്കുന്ന ചുമട്
മാറ്റത്തിനു വിധേയമെന്നും
നശ്വരമെന്നും.

ബാര്‍ലി ചുമക്കുന്ന ഉറുമ്പ്
ഗോതമ്പുമണി ചുമക്കുന്നതിനടുത്തേക്ക്
അടുക്കുമ്പോള്‍
ധാന്യങ്ങളുടെ ഒത്തുചേരല്‍
അതിന്റെ പരിണത ഫലം മാത്രം.
ഉറുമ്പുകളാണ് പരസ്പരം
അടുക്കുന്നത് .

നിന്റെ ദൃഷ്ടികള്‍ ചുമടിലല്ല
ചുമട്ടുകാരനില്‍ പതിപ്പിക്കൂ .

കറുത്ത ഉറുമ്പ്
കറുത്ത പ്രതലത്തിലൂടെ നീങ്ങവേ
അവ കാഴ്ചയില്‍ നിന്നും
മറയുന്നു.
കാണുന്നത്
ധാന്യത്തെ മാത്രം .

അകക്കണ്ണ് തുറക്കൂ ;
വാഹകനില്ലാതെ
ധാന്യത്തിനു ചലിക്കാനാവില്ലെന്നറിയൂ.

Thursday, September 16, 2010

നിര്‍വ്വചനങ്ങള്‍ക്കതീതം

അവരെന്നോടു ചോദിച്ചൂ :
"അനുരാഗി എന്നാല്‍ എന്താണ് ?"
ഞാന്‍ പറഞ്ഞു :
"അര്‍ഥങ്ങള്‍ എന്നോട്
ചോദിക്കാതിരിക്കുക.
എപ്പോള്‍ നീ എന്നെപ്പോലെ
ഒരനുരാഗിയാകുന്നുവോ ,
അപ്പോള്‍ നിനക്കതിന്‍
പൊരുളറിയാം."

പ്രണയം നിര്‍വ്വചനാതീതം.
അതു വാക്കുകളാല്‍ വര്‍ണ്ണിക്കുന്നവര്‍
പ്രണയമനുഭവിക്കാത്തവര്‍ .

പ്രപഞ്ചം

ഈ പ്രപഞ്ചമൊരു കെണി ,
ആഗ്രഹങ്ങള്‍
അതില്‍ കൊളുത്തിയ ഇരയും.
കെണിയില്‍ നിന്നും രക്ഷനേടൂ ,
അവനുനേരെ തിരിയൂ .

അവന്റെ വീഥിയില്‍
അനുഗ്രഹങ്ങള്‍
നിന്നെ കാത്തിരിക്കുന്നു.

ആഗ്രഹങ്ങള്‍ വെടിയൂ,
അവന്റെ പനിനീര്‍തോട്ടത്തില്‍
അവനോടൊപ്പം കഴിയൂ.

Wednesday, September 8, 2010

പ്രണയം സര്‍വ്വസ്വം !

മകനേ, നിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിയൂ.
ഇനിയുമെത്രനാള്‍ പൊന്നിന്റെയും വെള്ളിയുടേയും
ദാസനായിക്കഴിയും?

സമുദ്രത്തെ
നിനക്ക് ഒരു പാനപാത്രത്തില്‍
നിറയ്ക്കാന്‍ കഴിയുമോ?
അത്യാഗ്രഹിയുടെ കണ്ണ്
ഒരിയ്ക്കലും തൃപ്തിയടയില്ല.
ചിപ്പി സംതൃപ്തനായാല്‍ മാത്രമേ
അതില്‍ മുത്തുനിറയൂ.

ഒരുവനിലെ
അത്യാഗ്രഹങ്ങളുടെ
കുപ്പായം കീറിയെറിയും വരേയ്ക്കും
അവന്‍ സ്നേഹിക്കപ്പെടാന്‍ യോഗ്യന്‍ ..

അല്ലയോ
പരിശുദ്ധപ്രണയമേ,
നീയാണ് ഞങ്ങളുടെ വൈദ്യന്‍ .
ദുരഭിമാനത്തിനും, നാട്യങ്ങള്‍ക്കും
മറുമരുന്നും നീ.

നീ
തന്നെ ഞങ്ങളുടെ പ്ലേറ്റോയും ഗാലനും.
അചഞ്ചലനായ
പര്‍വതവും
പ്രണയത്താല്‍ ആനന്ദനൃത്തമാടും!
സീനാമലയ്ക്ക് ജീവന്‍നല്‍കിയ സ്നേഹത്താലാണ്
മൂസാനബി ബോധരഹിതനായതും .

പ്രാണപ്രിയനില്‍നിന്നു
വേര്‍പെട്ടവന്‍ മൂകനായ്‌ മാറും.
എന്റെ അധരങ്ങളില്‍ പ്രണയിയുടെ
ചുംബനം ലഭിച്ചാല്‍ ഞാനുമൊരു
പുല്ലാങ്കുഴലായി മാറും .

വാക്കുകള്‍ക്ക് അര്‍ത്ഥവും ഗുണവും കിട്ടാന്‍
ആസ്വദിക്കുവാനുള്ള ഹൃദയം വേണം.

പ്രതിഛായ
ഉണ്ടാവില്ലെങ്കില്‍
പിന്നെ കണ്ണാടിയെന്തിന്!
സ്നേഹത്തിന്റെ
ചെറുകാറ്റുപോലുമേശത്തതിനാല്‍
അത് പൊടിയാല്‍ മറഞ്ഞിരിക്കുന്നു.

Wednesday, August 25, 2010

അനശ്വരതയുടെ മധു

പ്രണയത്തില്‍
അനശ്വരതയുടെ
മധു നുകരുക .
മറ്റൊന്നിനും
അവിടെ സ്ഥാനമില്ല .

ആത്മ ത്യാഗം
ചെയ്യാത്ത
പ്രണയത്തില്‍
പൂര്‍ണ്ണതയില്ല .

ഞാന്‍ പറഞ്ഞു :
"ആദ്യം ഞാന്‍
നിന്നെയറിഞ്ഞു ,
പിന്നെ ഞാന്‍
മരിച്ചു ."

അവന്‍ പറഞ്ഞു :
"എന്നെയറിഞ്ഞാല്‍
പിന്നെ
മരണമില്ല . "

മറഞ്ഞിരിക്കുന്ന യാഥാര്‍ഥ്യം

യാഥാര്‍ഥ്യം
മറഞ്ഞിരിക്കുമ്പോള്‍
നാം വസ്തുക്കളെ
മഹത്തരമായി
കരുതുന്നു ,
ആഗ്രഹിക്കുന്നു .

ആസക്തി
തിന്മകളെ
സുന്ദരമാക്കുന്നു ,
വെടിമരുന്നിനെ
അഗ്നിയെന്ന പോല്‍ .

യാഥാര്‍ഥ്യം
വെളിപ്പെടുമ്പോള്‍
നാമതിനെ
വെറുക്കുന്നു.




അവന്റെ നിശ്ചയം !

കടലില്‍ കിടക്കുന്ന
ചിപ്പിയുടെ പുറമേ
ജലം വെറും
കടല്‍ജലം മാത്രം .
അകത്തോ ,
വെണ്‍മുത്തും !

കസ്തൂരി മാനിന്റെ
ഗ്രന്ഥിയില്‍
കാണുന്നതു വെറും
ചോര !

അവന്റെ
നിയമവും നിശ്ചയവും
അവന്റേതു
മാത്രം !

പ്രണയവും ഭയവും

പ്രണയവും ഭയവും
ഇരുളും
വെളിച്ചവും പോലെ .
അവ ഒരിക്കലും
ഒരുമിച്ചു വസിക്കില്ല .

കാഴ്ച

നിന്റെ കണ്ണുകള്‍
കൈകളാല്‍ മൂടിയാല്‍
ഈ ലോകം
ഇല്ലാതെയാകുന്നില്ല .
ഇല്ലാതെയാകുന്നതു
നിന്റെകാഴ്ച മാത്രം .

യഥാര്‍ഥ കണ്ണുള്ളവന്‍
കാണുന്നത്
അവന്റെ പ്രേമഭാജനത്തെ
മാത്രം .
അവനെക്കാണാന്‍
കണ്ണില്ലെങ്കില്‍
നീ അന്ധനായി
ജീവിക്കൂ ...

ഉപാധികളില്ലാത്ത പ്രണയം

മുഖ സൌന്ദര്യത്താല്‍
ആകൃഷ്ടനാകുന്നവന്റെ
പ്രണയം
വേനല്‍ക്കാലത്തെ
ജലാശയം പോലെ
വറ്റിവരളുന്നു .

മയിലിനെ
വേട്ടയാടുന്നത്
അതിനോടുള്ള
സ്നേഹത്താലല്ല ,
പീലി വില്‍ക്കുന്നതിനായി.

നിത്യമായതിനെ
പ്രണയിക്കുക.

ഉപാധികളില്ലാത്ത
പ്രണയം
അവന്‍ മാത്രമാണ്.

ഹൃദയത്തില്‍ തറച്ച മുള്ള്

കാലില്‍ തറച്ച മുള്ള്
എത്ര ചെറുതായാലും
കണ്ടെത്താം ,
നീക്കം ചെയ്യാം .
ഹൃദയത്തില്‍
തറച്ച മുള്ളോ ?!
അതുളവാക്കുന്ന
വേദന
വാക്കുകള്‍ക്കതീതം .
വൈദ്യനാല്‍
നീക്കാനാകാത്ത
ആ മുള്ള്
പ്രാണപ്രിയന്റെ
ദര്‍ശനത്താല്‍
പൂവായി മാറുന്നു .

ഞാനുമിന്നൊരു കലാകാരന്‍

നിന്റെ പ്രകാശത്തില്‍ നിന്നും
ഞാന്‍ പ്രണയിക്കാന്‍
പഠിച്ചു .
നിന്റെ സൌന്ദര്യത്തില്‍ നിന്നും
കവിത രചിക്കാനും .

എന്റെ ഹൃത്തടത്തില്‍
നീ നൃത്തം ചെയ്യൂ ,
എനിക്കു മാത്രം
കാണാന്‍ .

നിന്റെ ദര്‍ശനത്താല്‍
ഞാനുമിന്നൊരു
കലാകാരന്‍ .

പ്രണയോദ്യാനം

പ്രണയത്തിന്റെ
ഉദ്യാനം
ഹരിതാഭമാണ്‌ .
അതിരുകളില്ലാത്തതും .
പലതരം ഫലങ്ങള്‍
വിളയുന്ന ഇവിടെ
ദുഖത്തിനു സ്ഥാനമില്ല
ഉപാധികള്‍ക്കും .
ഋതുഭേദങ്ങളില്ലാത്ത ഇവിടം
സദാ
സുരഭിലം .

പ്രണയാഗ്നി

പ്രണയം-
ആദ്യം ആശ്ലേഷിക്കുന്നു
പിന്നെ
അശാന്തമാക്കുന്നു .
ആ അഗ്നിജ്വാല
പ്രണയഭാജനമൊഴിച്ച്
മറ്റെല്ലാം
ഭസ്മീകരിക്കുന്നു

Tuesday, August 24, 2010

നിന്നിലെ നിന്നെ അറിയൂ

നിനക്ക് പാദങ്ങളില്ലെങ്കില്‍
നീ നിന്നിലേക്കു
യാത്ര ചെയ്യൂ .
നിന്നിലെ നിന്നെ അടുത്തറിയൂ

വെറും ധൂളികള്‍
തനിത്തങ്കമായ് മാറുന്ന
മഹാത്ഭുതം
അനുഭവിക്കൂ .

സൂര്യരശ്മികളേറ്റു പ്രോജ്വലിക്കുന്ന
രത്നഖനിപോല്‍
ആത്മാവിന്റെ തിളക്കത്താല്‍
വെട്ടിത്തിളങ്ങൂ .

പലായനത്തിന്റെ പൊരുള്‍

വൃക്ഷങ്ങള്‍ക്കു
പാദങ്ങളും ചിറകുകളും
ഉണ്ടായിരുന്നെങ്കില്‍ ,
സ്വതന്ത്രമായി
സഞ്ചരിക്കാന്‍
കഴിയുമായിരുന്നെങ്കില്‍
മഴുവിന്റെ ആക്രമത്തില്‍ നിന്നും ,
വാളിന്റെ മൂര്‍ച്ചയില്‍ നിന്നും
ഓടി മാറാമായിരുന്നു .

സൂര്യന്‍ ദിനവും
പടിഞ്ഞാറസ്തമിച്ചില്ലെങ്കില്‍
പ്രഭാതത്തില്‍ പ്രപഞ്ചം
പ്രകാശത്തില്‍ തിളങ്ങുന്നതെങ്ങനെ !

കടലിലെ ജലം
നീരാവിയായി
ആകാശത്തെത്തിയില്ലെങ്കില്‍
ഭൂമിയെങ്ങനെ
മഴയാല്‍ തളിര്‍ക്കും ?

ചിപ്പിയിലെത്തിയില്ലെങ്കില്‍
കടല്‍വെള്ളമെങ്ങനെ
മുത്തായി മാറും !

യുസഫ്
വിലപിക്കുന്ന പിതാവില്‍നിന്നു
യാത്രയായില്ലെങ്കില്‍
രാജാവാകുന്നതെങ്ങനെ ?

മുസ്തഫ മദീനയിലേക്കു
പലായനം ചെയ്തില്ലെങ്കില്‍
എങ്ങനെയാണ്
സാമ്രാജ്യങ്ങളുടെ അധിപനാകുക ?

പ്രണയവും സൌന്ദര്യവും

പ്രണയം എവിടെയുണ്ടോ
അവിടെ സൌന്ദര്യമുണ്ട് .
പ്രണയത്തിന്റെ
കവിള്‍ത്തടത്തില്‍
സൌന്ദര്യം ജ്വലിക്കുന്നു .

സൌന്ദര്യമെന്ന ദേഹത്തിലെ
ദേഹിയാണ് പ്രണയം .

സൌന്ദര്യമെന്ന ഖനിയിലെ
രത്നമാണ് പ്രണയം .

അവര്‍ കാല-ദേശങ്ങള്‍ക്കു
മുന്‍പേ ഒന്നായവര്‍ .
ഓരോ ചുവടിലും
ഒന്നായവര്‍ .

അടയാളങ്ങള്‍

അവന്റെ ഓരോ ഭാവങ്ങള്‍ക്കും
ഓരോ ദൃഷ്ടാന്തങ്ങള്‍ കാണാം .
കാല ദേശങ്ങളുടെ
ശാദ്വല ഭൂമിയാണ്‌
നിത്യത.
പ്രണയം ,
പ്രപഞ്ചത്തിന്റെ
ജീവദാതാവായ
ഉദ്യാനവും .
ഓരോ ശാഖയും
ഇലയും പൂവും
അവന്റെ സൂക്ഷ്മതയുടെ
അടയാളങ്ങള്‍ .
സൈപ്രസ് മരം
അവന്റെ ഗാംഭീര്യം
പ്രകടിപ്പിക്കുമ്പോള്‍
പനിനീര്‍പ്പൂവ്
അവന്റെ സൌന്ദര്യത്തിന്റെ
പ്രതീകമാകുന്നു.

ജ്ഞാനവും ജ്ഞാനിയും അവന്‍ തന്നെ

അനശ്വരതയില്‍ ,
ഏകാന്തതയുടെ ഭാരമില്ലായ്മയില്‍
അഹങ്കാരത്തിന്റെ മൂടുപടമഴിഞ്ഞ്
പ്രണയത്തിന്റെ
സൌന്ദര്യം വെളിവാകുന്നു .

പ്രാണപ്രിയന്‍
സ്വന്തം മുഖത്തിനു നേരെ പിടിച്ച
കണ്ണാടിയില്‍ നോക്കി
സൌന്ദര്യം ആസ്വദിക്കുന്നു .

ജ്ഞാനവും ജ്ഞാനിയും
അവന്‍ തന്നെ .
ദൃഷ്ടിയും ദൃഷ്ടാവും
അവന്‍ തന്നെ .

ഈ പ്രപഞ്ചം മുഴുവന്‍
പതിയുന്നതും
അവന്റെ കണ്ണില്‍ മാത്രം .

ദിവ്യപ്രണയത്തില്‍ മുങ്ങുക .

ആഗ്രഹമുള്ളിടത്ത്
അഗ്നിപോലും
ജലംപോല്‍
കുളിര്‍മ്മയുള്ളതാകുന്നു .
ആഗ്രഹമില്ലാത്തിടത്ത്
ജലവും അഗ്നിയാകുന്നു .

പരമാനന്ദത്തിന്റെ
പ്രവാഹത്തെ
അണകെട്ടി തടയുക .
അല്ലെങ്കില്‍
അത് നാശംവിതക്കും .
എന്നാല്‍ ,
ഞാനെന്തിനു നാശത്തെ
ഭയക്കണം ?
നാശത്തിനടിയിലാണല്ലോ
മഹത്തായ നിധി
ഒളിഞ്ഞിരിക്കുന്നത് .

പ്രണയത്തില്‍
മുങ്ങുന്നവര്‍
കൂടുതല്‍ ആഴത്തില്‍
മുങ്ങാന്‍ കൊതിക്കുന്നു .

ആഴങ്ങളില്‍ മുങ്ങിത്താഴുമ്പോള്‍
ആത്മാവു ചോദിക്കുന്നൂ :
"കടലിന്റെ അടിത്തട്ടോ
ഉപരിതലമോ
കൂടുതല്‍ മനോഹരം ? "

നിയമം , വീഥി , സത്യം

നിയമം അറിവാണ്
വീഥി പ്രവര്‍ത്തിയും .
പരമമായ സത്യം
അവനില്‍ ലയിക്കുക
എന്നതും .

പരമമായ സത്യത്തില്‍
എത്തിച്ചേര്‍ന്നാല്‍
പിന്നെ ,
നിയമത്തിനു
പ്രസക്തിയില്ല .

ത്യാഗം ചെയ്യൂ

ഉപവാസത്താല്‍
സ്വയം ത്യാഗം ചെയ്യൂ ;
നിന്റെ ആത്മാവിന്റെ
നിലനില്‍പ്പിനായി.


നിന്റെ ശരീരം കൊണ്ട്
ത്യാഗം ചെയ്യൂ .
എന്തെന്നാല്‍
ആത്മാവ്
നിന്റെ ശരീരത്തിന്റെ
അതിഥി .

ഉപവാസം

ഒഴിഞ്ഞ ഉദരത്തില്‍
ഏതു മാധുര്യമാണ്
ഒളിഞ്ഞിരിക്കുന്നത് !

മധുരമായ് പാടുന്ന
വീണയെ നോക്കൂ .
അകം ശൂന്യമല്ലെങ്കില്‍
വീണയില്‍ നിന്നും
മധുര സംഗീതം
വരുന്നതെങ്ങനെ ?

നിന്റെ
ഉദരവും മസ്തിഷ്ക്കവും
ഉപവാസത്താല്‍
ജ്വലിപ്പിക്കൂ .

തീവ്രാഭിലാഷത്താല്‍
വിലപിക്കുന്ന
പുല്ലാങ്കുഴലിനെപോല്‍
നിന്റെ ഉദരം
ശൂന്യമായ് സൂക്ഷിക്കൂ.

ഒളിഞ്ഞു കിടക്കുന്ന രഹസ്യങ്ങള്‍
മധുരമായ് പാടൂ ...

സ്നേഹത്തിന്റെ പൊരി

അവന്റെ സ്നേഹത്തിന്റെ
ഒരു പൊരി വീണാല്‍
നിന്റെ ആത്മാവ്
ആളിക്കത്തും .

മെഴുകിനെ
തീയെന്ന പോല്‍
അത് നിന്റെ
ആത്മാവിനെ ഉരുക്കുന്നു.
ജീവിതം
പ്രകാശമാനമാക്കുന്നു .

അവന്റെ സ്നേഹം
നിന്നിലെ
സന്ദേഹിയെ അകറ്റി
ഹൃദയാകാശം
പ്രണയ നിര്‍ഭരമാക്കുന്നു .

അലസത വെടിയൂ

നിന്റെ സര്‍വേശ്വരനെ
നോക്കൂ...
അവന്‍ ഓരോ നിമിഷവും
പ്രവര്‍ത്തന നിരതന്‍ .
നീയുമതുപോലെയാകൂ .
നിന്റെ സൃഷ്ടാവ്
നിന്നില്‍നിന്നും
എന്താണ് പ്രതീക്ഷിക്കുന്നത്
എന്നറിയുക .
അലസത വെടിയൂ ,
നിന്റെ കര്‍മ്മം
ചെയ്യൂ .

ബലിദാനം ചെയ്യുക

ആത്മീയതയുടെ
മഹാവനത്തിലെത്തുന്നവര്‍
ഒരു പ്രാപ്പിടിയനെ പോലാകണം.
സ്വന്തം ജീവിതം
അവനു വിലപ്പെട്ടതാകരുത് .
സൂര്യന്‍
പ്രപഞ്ചത്തിനെന്നപോല്‍
ഓരോ നിമിഷവും
സ്വന്തം ഊര്‍ജ്ജത്തെ
ബാലിദാനം ചെയ്യുക .
സ്വയം ഇല്ലാതെയാകുമ്പോഴും
നിന്നില്‍ നിന്നും പുറപ്പെടുന്ന
പ്രകാശ കിരണങ്ങള്‍
ഈ പ്രപഞ്ചത്തെയാകെ
ചൈതന്യവത്താക്കട്ടെ .

ദുഃഖമേകാതിരിക്കുക

സ്വയം ഇരുളില്‍
പുതഞ്ഞവന്‍
മറ്റൊരാള്‍ക്കെങ്ങിനെ
വെളിച്ചമേകും ?

നീ വ്യഥിതനും
ദുഖിതനുമെങ്കില്‍
മറ്റൊരാള്‍ക്ക്
ആതിഥ്യമരുളാതിരിക്കുക .

നിന്റെ ആതിഥ്യത്താല്‍
അതിഥിക്കു ദുഃഖമേകാതിരിക്കുക .

പ്രണയവും യുക്തിയും

നീ അവനില്‍
അലിഞ്ഞു ചേരാന്‍
ആഗ്രഹിക്കുന്നുവെങ്കില്‍
ലൌകികമായ ആഗ്രഹങ്ങളില്‍ നിന്നും
പുറത്തുവരൂ .
അവയുടെ
നൈമിഷികത തിരിച്ചറിയൂ .

അന്ധനു വഴിനടക്കാന്‍
വടി കൂടിയേതീരൂ .

പ്രണയത്തില്‍
യുക്തിക്കു പ്രസക്തിയില്ല .

അവനില്‍
പൂര്‍ണ്ണമായി ലയിച്ചാല്‍
പിന്നെ
സത്യാസത്യങ്ങള്‍ക്കെന്തു
പ്രസക്തി ?!

നിഴലും വെളിച്ചവും

വെളിച്ചം തേടുന്ന
നിഴലെന്ന പോല്‍
നീ അവനെ
തേടുന്നു.

അവനില്‍ ലയിക്കുവാന്‍
ആദ്യം
നീ നിന്നെ
ഉപേക്ഷിക്കൂ .

അവനില്‍ ലയിച്ചാല്‍
പിന്നെ നീയില്ല .
അവന്‍ മാത്രം .

വെളിച്ചത്തില്‍ ലയിച്ചാല്‍
പിന്നെ
നിഴല്‍ ഇല്ലല്ലോ .

സ്വത്വം

നിന്റെ സ്വത്വം
എല്ലാ വിഗ്രഹങ്ങളുടെയും
മാതാവാണ് .

ലൌകികമായ വിഗ്രഹങ്ങള്‍
സര്‍പ്പങ്ങളെങ്കില്‍
സ്വത്വം
വിഷം ചീറ്റുന്ന
വ്യാളിയാണ് .

മറ്റു വിഗ്രഹങ്ങള്‍
ഭഞ്ഞ്ജിക്കുവാനെളുപ്പം .
സ്വത്വത്തിന്റെ വിഗ്രഹത്തെ
കീഴ്പ്പെടുത്തുന്നത്
അതി കഠിനവും .

ചുണ്ടില്‍ ദൈവനാമവും
കയ്യില്‍ വിശുദ്ധ ഗ്രന്ഥവുമേന്തുന്ന
സ്വത്വം ,
കയ്യുറയില്‍
ഒളിപ്പിച്ചുവച്ച
കഠാരയുമേന്തുന്നു !

നിശബ്ദനായിരിക്കൂ

നിശബ്ദനായിരിക്കൂ ,
നിനക്ക്
അവന്റെ വാക്കുകള്‍
കേള്‍ക്കാം.
ഉച്ചരിക്കപ്പെടാത്ത
വാക്കുകള്‍ ,
നാവുകള്‍ക്കന്യമായ
വാക്കുകള്‍ .

നിശബ്ദനായിരിക്കൂ ,
ഷംസിന്റെ വാക്കുകള്‍
കേള്‍ക്കാം .
പുസ്തകങ്ങളിലോ ,
ചര്‍ച്ചകളിലോ
കേള്‍ക്കാത്ത ,
അവന്റെ വാക്കുകള്‍ .

നിശബ്ദനായിരിക്കൂ ,
നോഹയുടെ പേടകത്തില്‍
കയറാതെ ,
നീന്തിക്കൊണ്ടിരുന്ന
കാനാനെപോലെ
ആകാതിരിക്കൂ.

ഭയരഹിതര്‍

മദ്യപനെ
ആരും
വഴികാട്ടിയായി
തിരഞ്ഞെടുക്കാറില്ല .

പൂര്‍ണ്ണമായും
കീറിയ വസ്ത്രത്തോട്‌
ഇഴയിടുന്നതിനെ പ്പറ്റി
പറയേണ്ടതില്ല .

പ്രണയികളുടെ ലോകം
മറ്റുള്ളവരുടേതില്‍ നിന്നും
വ്യത്യസ്തം .

പ്രണയികള്‍ക്ക്
അവരുടെ സ്വന്തം
മത്തവും വിശ്വാസവും .

മാണിക്യമെങ്കില്‍
പിന്നെ
മുദ്രയെന്തിന് !

ഭയത്തിന്റെ
നടുക്കടലിലും
പ്രണയികള്‍
ഭയരഹിതരത്രേ !

ജ്വലിക്കുന്ന ഹൃദയം

അവന്‍ തേടുന്നത്
ജ്വലിക്കുന്ന ഹൃദയത്തെയാണ്‌ .
പ്രണയത്താല്‍
ഊതിക്കാച്ചിയ
ഹൃദയത്തെ.

നിന്റെ ഹൃദയം
പ്രണയ ജ്വാലയാല്‍
പ്രകാശമാനമാക്കൂ ,
വാക്കുകളും
ചേഷ്ടകളും
ഉപേക്ഷിക്കൂ ...

ഹൃദയ വിശുദ്ധി

അവന്‍
നിന്റെ വാക്കുകളിലും
പുറംമോടിയിലും
ശ്രദ്ധിക്കുന്നില്ല.
ശ്രദ്ധ
നിന്റെ ഹൃദയത്തിലും
ആത്മാവിലും
മാത്രം.

നിന്റെ വാക്കുകള്‍
പരുക്കനാണെങ്കിലും
ഹൃദയത്തില്‍
വിശുദ്ധിയുണ്ടെങ്കില്‍
നീ അവനു പ്രിയന്‍ തന്നെ.

ശുദ്ധാശുദ്ധങ്ങളില്‍ നിന്നും മോചിതന്‍

അവന്‍
ശുദ്ധാശുദ്ധങ്ങളില്‍ നിന്നും
മോചിതന്‍ .
അലസനും ഉത്സാഹിയും
അവനു തുല്യര്‍ .

അവന്‍
മനുഷ്യനെ സൃഷ്ടിച്ചത്
അവന്റെ നേട്ടത്തിനല്ല .
അവന്റെ കരുണ
അവരില്‍ ചൊരിയുന്നതിനായി . .

അവരുടെ പ്രശംസകളാല്‍
അവന്റെ തിളക്കമേറുന്നില്ല .
അവനെ പ്രശംസിക്കുമ്പോള്‍
അവരുടെ തിളക്കമേറുന്നു .

Monday, August 23, 2010

സ്നേഹവും പ്രണയവും

ന്യായമായ അവകാശങ്ങളാല്‍
ഉണ്ടാകുന്ന സ്നേഹവും
ആത്മാവും ഹൃദയവും
ജ്വലിപ്പിക്കുന്ന
പ്രണയവും
വ്യത്യസ്തം.

അംശവും കരവും
ഒടുക്കേണ്ടിവരുന്ന
ദരിദ്ര ഗ്രാമം പോലെ
പ്രണയികള്‍ അനു നിമിഷം
ഉരുകിക്കൊണ്ടേ ഇരിക്കുന്നു.

ദുഖവും വേദനയുമാണ്
പ്രണയികളുടെ
ഭക്ഷണം.

അവരുടെ സംസാരം ,
പെരുമാറ്റം
മധുരമാകണമെന്നില്ല .
എന്നാല്‍ അവര്‍ പാപികളല്ല.

ഈ ഒരു തെറ്റ്
ആയിരം ശരികളേക്കാള്‍
ഭേദം .

രക്തസാക്ഷിയുടെ
ശരീരത്തിലെ രക്തക്കറകള്‍
ജലത്താല്‍ കഴുകാതിരിക്കൂ.
രക്തസാക്ഷിക്കു
ജലത്തെക്കാള്‍ അഭികാമ്യം
രക്തം തന്നെ.

ക അബ യുടെ
ഉള്ളിലിരിക്കുന്ന ആള്‍
വീണ്ടും ക അബ യുടെ നേരെ
തിരിയേണ്ടതില്ല.

മുങ്ങല്‍ വിദഗ്ദ്ധനു
പാദരക്ഷ
ആവശ്യമില്ലല്ലോ.

വിവരണാതീതം

അനുരാഗത്തെ
വിവരിക്കാന്‍ തുടങ്ങിയാല്‍
ആയിരം കാണ്ഡങ്ങള്‍
നീണ്ടുപോകും .
അപ്പോഴും
വിവരണം അപൂര്‍ണ്ണമായി
അവശേഷിക്കുന്നു.

യഥാര്‍ത്ഥ സുഫി

സാധാരണക്കാര്‍
മരണത്തെ ഭയക്കുന്നു.
യഥാര്‍ത്ഥ സൂഫികള്‍
മരണത്തെ കാംക്ഷിക്കുന്നു.

സൂഫികള്‍
ഇന്നില്‍ വിശ്വാസിക്കുന്നു.
'നാളെ' അവരുടെ
മാര്‍ഗ്ഗത്തില്‍ അന്യം.

ചിപ്പിയുടെ തോട്
പൊട്ടിപ്പൊളിഞ്ഞാലും
അകത്തെ മുത്ത്‌
സുഭദ്രം.

ഉണ്മയുടെ ലോകം

ബാഹ്യരൂപം
നശ്വരമെന്നും
ഉണ്മയുടെ ലോകം
അനശ്വരമെന്നും
അറിയൂ.

ചഷകത്തിന്റെ
ഭംഗിയല്ല ,
അതിനുള്ളിലെ
പാനീയമാണ്
നാം തേടുന്നത്.

Thursday, August 19, 2010

പശ്ചാത്താപം

ഹൃദയത്തില്‍ തെളിച്ചവും
മിഴികളില്‍ അശ്രുവും
ഇല്ലാത്ത
പശ്ചാത്താപത്താല്‍
അവന്റെ കോപാഗ്നി
ശമിക്കുകയില്ല.

പുല്‍മേട തളിര്‍ക്കാന്‍
വര്‍ഷം പെയ്തിറങ്ങാതെ
വയ്യ.

അവന്‍ മാത്രം

പ്രണയികളുടെ
വേദന
മറ്റു വേദനകളില്‍ നിന്നും
വ്യത്യസ്തം.

പ്രണയം
പ്രാണപ്രിയന്റെ സാമ്രാജ്യത്തിലെ
ദൂരമളക്കാനുള്ള യന്ത്രം.

ആകാശത്തുനിന്നാകട്ടെ
ഭൂമിയില്‍ നിന്നാകട്ടെ
പ്രണയത്തിന്റെ ലക്‌ഷ്യം
അവന്‍ മാത്രം.

ആഗ്രഹങ്ങളെ വെടിയൂ

ഓ ഹൃദയമേ,
ആനന്ദവും വേദനയും
നിനക്കൊരുപോലെ
പരിചിതം !
എന്താണവതമ്മിലുള്ള
അന്തരം?

മിഥ്യകള്‍ നിന്നെ
മോഹിപ്പിക്കുകയാണ്‌.
നിന്റെ അഭിലാഷങ്ങള്‍
മധുരതരമെങ്കിലും
നീ അവയെ വെടിയൂ ,
അതാണവനു പ്രിയങ്കരം.

പ്രണയികളുടെ ജീവിതം
മൃത്യുവിലാണ് .

നീ സ്വയം നഷ്ടപ്പെടൂ ,
അല്ലെങ്കില്‍
അവന്റെ ഹൃദയം
നിനക്കു നഷ്ടപ്പെടും.

Wednesday, August 18, 2010

നിന്നെ തേടി

എന്റെ പ്രണയഭാജനമേ ,
ഞാന്‍ നിന്നെ എവിടെയെല്ലാം
തേടി !
കുരിശിലും
ക്ഷേത്രത്തിലും
ക അബ യിലും
നിന്നെ തിരഞ്ഞു.
എവിടെയും നിന്നെ
കണ്ടില്ല.
ഒടുവില്‍ ,
ഞാനെന്റെ
ഹൃദയത്തിലേക്ക് നോക്കി.
നീ മറ്റെങ്ങുമായിരുന്നില്ല.

ബധിരന്റെ ചിരി

അന്ധമായ അനുകരണം
ബധിരന്റെ പൊട്ടിച്ചിരിപോലെ .
ഹാസ്യം പറഞ്ഞു ചിരിക്കുന്ന
സുഹൃത്തുക്കളുടെ ഇടയില്‍
അവനും ചിരിക്കുന്നു ,
കാരണമറിയാതെ .

പിന്നീടവന്‍
ചിരിയുടെ കാരണമന്വേഷിക്കുന്നു.
ഹാസ്യമുള്‍ക്കൊണ്ടു
വീണ്ടും പൊട്ടിച്ചിരിക്കുന്നു.

"ദാ ,ഇങ്ങനെ"

ആരെങ്കിലും
ഹൂറികളെപ്പറ്റി ചോദിച്ചാല്‍
നീ നിന്റെ മുഖമുയര്‍ത്തിപ്പറയൂ
"ദാ,ഇങ്ങനെ ".

ചോദ്യം പൂര്‍ണ്ണചന്ദ്രനെപ്പറ്റി
ആയാല്‍
മച്ചിനു മുകളിലേക്കുയര്‍ന്നു
നീ പറയൂ
"ദാ, ഇങ്ങനെ ".

യക്ഷിക്കഥയിലെ
രാജകുമാരിയെപ്പറ്റി
ചോദിക്കുന്നവര്‍ക്കു
നിന്റെ സുന്ദര മുഖം
നീ കാണിച്ചുകൊടുക്കൂ .

കസ്തൂരിയെപ്പറ്റി
ചോദിച്ചാല്‍ നിന്റെ
കാര്‍കൂന്തലഴിച്ചതിന്‍
പരിമളം പടര്‍ത്തൂ .

മേഘങ്ങള്‍ എങ്ങിനെ
ചന്ദ്രനില്‍നിന്നകലുന്നുവെന്നു
കേള്‍ക്കുന്നവര്‍ക്കു മുന്നില്‍
നിന്റെ മേലങ്കി പതിയെ അഴിച്ചു മാറ്റൂ ,
എന്നിട്ട് പറയൂ
" ദാ, ഇങ്ങനെ".

മിശിഹാ എങ്ങിനെയാണ്
മരിച്ചവനെ ജീവിപ്പിച്ചതെന്നു
കേള്‍ക്കുന്നവരുടെ മുന്നില്‍
നീ എന്റെ ചുണ്ടില്‍ ചുംബിച്ചു പറയൂ
"ദാ, ഇങ്ങനെ".

പ്രണയംകൊണ്ടെങ്ങിനെ
വധിക്കപ്പെടുന്നുവെന്നു
കേള്‍ക്കുന്നവര്‍ക്കു നീ
എന്റെ ആത്മാവിനെ
ചൂണ്ടി കാണിക്കൂ ...
അവരോടു പറയൂ
"ദാ, ഇങ്ങനെ ".

Tuesday, August 17, 2010

പ്രണയോന്മാദം ...

അല്ലയോ യുവത്വമേ,
എന്നെപ്പോലെ
ഒരു അനുരാഗിയായാല്‍
നിങ്ങള്‍ എന്തു ചെയ്യും?

ഓരോ പകലും
ഉന്മാദത്തില്‍ .
ഓരോ രാത്രിയും
വിങ്ങിക്കരഞ്ഞും.

ഒരു നിമിഷാര്‍ധത്തില്‍ പോലും
അവന്റെ രൂപം
കണ്ണില്‍നിന്നും
മായാതെ ...

നീ നിന്റെ സുഹൃത്തുക്കളില്‍ നിന്നും
അകന്നു നില്‍ക്കും.
നീ ഈ ലോകത്തുനിന്നു തന്നെ
വിട്ടുനില്‍ക്കും.

നീ നിനക്കുതന്നെ
അന്യനായ് തീരും.
നീ പൂര്‍ണ്ണമായി
അവന്റെത്‌ മാത്രമാകും.

ആള്‍ക്കൂട്ടത്തില്‍ നീ
എണ്ണയും ജലവും പോലെ .
പുറമേയ്ക്കു ചേര്‍ന്നിരുന്നാലും
ഉള്ളില്‍ വേറിട്ടു നില്‍ക്കും.

എല്ലാ സ്വാര്‍ഥചിന്തകളും
വെടിഞ്ഞു നീയൊരു
ഉന്മാദിയാകും.
ഒരു വൈദ്യനാലും
സുഖപ്പെടുത്താനാവാത്ത
സംപൂര്‍ണ്ണ ഉന്മാദി!!

വേദനയുടെ സഹചാരികളാകാം...

സദാ ഉണര്‍ന്നിരിക്കുന്നവര്‍
കൂടുതല്‍ വേദനിക്കുന്നു.
ജ്ഞാനിയുടെ മുഖം
വിളറിയിരിക്കുന്നു.

ഈ ലോകത്ത് ഔഷധം
വേദനകളെയും
രോഗത്തെയും
തിരഞ്ഞുകൊണ്ടിരിക്കുന്നു.
അതിനാല്‍ ,
നമുക്കാ ഔഷധങ്ങളില്‍
നിന്നുമകന്നു നില്‍ക്കാം...
വേദനയുടെ സഹചാരികളാകാം...

പ്രണയമൊരു തീജ്വാല.

അനുരാഗികളുടെ
ആനന്ദവും വേദനയും
അവനാണ്.
സര്‍വ്വ സേവനങ്ങള്‍ക്കുമുള്ള
പ്രതിഫലവും
അവന്‍ മാത്രമാണ്.

അവനിലല്ലാതെ നീ
മറ്റുള്ളവരില്‍
ആകൃഷ്ടയാകുന്നുവെങ്കില്‍
അത് പ്രണയമാകുന്നതെങ്ങിനെ?
അത് വെറും ഭ്രമം മാത്രം!

പ്രണയമൊരു തീജ്വാല.
അതിന്റെ തീവ്ര ജ്വലനത്തില്‍
അനശ്വരനായ അവനൊഴികെ
മറ്റെല്ലാം
ഭസ്മീകരിക്കപ്പെടുന്നു !!

ഭോഗാസക്തി

ഭോഗാസക്തിയില്‍
മുങ്ങാതിരിക്കൂ,
അത് നാശത്തിന്റെ
നടപ്പാത.

തിന്നു കൊഴുത്ത
ആട്ടിന്‍കുട്ടി
കശാപ്പുകാരന്റെ
കത്തിക്ക്
ആദ്യ ഇരയാകുന്നു .

മരണത്തെ ഭയക്കുന്നതെന്തിന് ?

എന്തിനു നീ മരണത്തെ
കാത്തിരിക്കുന്നു ,
ഭയക്കുകയും?
ദു:ഖങ്ങളോരോന്നും
മൃത്യുവിന്റെ ചീളുകള്‍ .
അവയെ തോല്‍പ്പിക്കുവാന്‍
ആകില്ല,
ഓടിമാറാനും.

മരണം നിന്നിലേക്കെ-
ത്തുന്നതിനു മുന്‍പേ
അതിന്റെ മധുരം നീ
ഹൃദയത്തില്‍ നിറക്കൂ.
ലോകം മുഴുവന്‍
നിനക്കായി അവന്‍
മധുമയമാക്കുന്നു .

Thursday, March 4, 2010

എന്തിനു കേഴുന്നു ...

പ്രിയേ,എന്തിനു
ലാഭ നഷ്ടങ്ങളുടെ കണക്കെടുക്കുന്നു ?
കഴിഞ്ഞ കാലത്തെ ചൊല്ലി
എന്തിനീ വ്യാകുലത?

വിവേകികള്‍ നഷ്ടങ്ങളെയോര്‍ത്തു
ദു:ഖിതരാകാറില്ല.
നദിയില്‍ ഒഴുകിയ ജലത്തെ
ആര്‍ക്കാണ് മടക്കികൊണ്ടുവരാന്‍
കഴിയുക!

ജീവിതം ചിലപ്പോള്‍ സന്തോഷകരം ,
ചിലപ്പോള്‍ കുത്തിയൊഴുകുന്ന
മലിനജലം പോലെയും .
തെളിവെള്ളവും ,ചെളിവെള്ളവും
അതിവേഗം ഒഴുകി മറയുന്നു.

നമുക്ക് ചുറ്റുമുള്ള
മൃഗങ്ങളെ നോക്കൂ ...
നമ്മെക്കാള്‍ മോശമാണ്
അവയുടെ ചുറ്റുപാട് .
എന്നാല്‍ അവയ്ക്ക് ആശങ്കയില്ല.

കൂടണയുന്ന രാപ്പാടികള്‍
ഇനിയും തീറ്റ കണ്ടെത്തിയിട്ടില്ല ,
എന്നിട്ടും 'അവനെ' സ്തുതിക്കുന്നു .

സന്ദേശ പ്രാവുകള്‍ സന്തുഷ്ടരാണ്,
രാജാവിന്‍ കരസ്പര്‍ശമേല്ക്കുമല്ലോ .

ഈച്ചയും,ചെള്ളും,കൊമ്പനാനയും
പരാതിപ്പെടുന്നില്ല.

അല്ലയോ വിഡ് ഠിയായ മനുഷ്യാ,
കിട്ടാത്ത സൌഭാഗ്യത്തെ ചൊല്ലി
നീമാത്രമെന്തിനു കേഴുന്നു?!

Thursday, January 21, 2010

നീയൊരു നീര്‍പ്പക്ഷി

നിന്റെ പെറ്റമ്മ ഒരു വാത്തയും
വളര്ത്തമ്മ പിടക്കോഴിയുമാണ്.
അമ്മ ഒരു സമുദ്രചാരി ,
വളര്ത്തമ്മയോ ,
കരയില്‍ വസിയ്ക്കുന്ന വളര്‍ത്തു പക്ഷി .
ആത്മാവിനനുഭവപ്പെടുന്ന
സമുദ്രത്തിന്റെ വിളി
പെറ്റമ്മയില്‍ നിന്നും കിട്ടിയ
ജന്മ വാസന.
കരയില്‍ സുരക്ഷിതനായി കഴിയാനുള്ള
ആഗ്രഹം പോറ്റമ്മ യില്‍ നിന്നും കിട്ടിയ
വളര്‍ത്തു ഗുണം.
നീ പോറ്റമ്മയുടെ വലയത്തില്‍ നിന്നും
പുറത്തു വരൂ.
അവളെ നീ കരയിലുപേക്ഷിയ്ക്കൂ.
ആത്മീയ സമുദ്രത്തില്‍
മറ്റു വാത്തകളോടൊത്തുചേരാനുള്ള
സമയമായി.
ജലത്തെ ഭയക്കണമെന്ന
പാഠം നീ മറക്കൂ ,
എന്തെന്നാല്‍ ,
നീയൊരു നീര്‍പ്പക്ഷി .
നിനക്ക് കരയും കടലും
സ്വഗൃഹം തന്നെ.
പിടക്കോഴികളോ ,
വീട്ടിലെ കൂടുകളില്‍ മാത്രം
സുരക്ഷ കാണുന്നവര്‍ .

Thursday, January 14, 2010

നിന്നെ കാണാന്‍ കൊതിച്ച്...

നിന്‍ മുഖദര്‍ശനത്തിനായ്
കൊതിച്ചു ഞാന്‍
പൂന്തോപ്പിലും ,കൃഷിയിടങ്ങളിലും.
മധുരം നുണയേ,
നിന്‍ ചൊടികളില്‍
ചുംബിയ്ക്കുവാന്‍ മോഹം.
വള്ളിക്കുടിലിന്‍ തണലില്‍
നിന്‍ സ്നേഹത്തിനായ് ദാഹിച്ച്...

അല്ലയോ ശ്രേഷ്ഠനായ കമിതാവേ,
നിന്‍ ചൈതന്യത്താല്‍
ഈ ചെടികളെല്ലാം പൂവണിഞ്ഞിരിയ്ക്കുന്നു !
ഞാനെന്റെ ദുഃഖങ്ങള്‍ മാറ്റിവയ്ക്കട്ടെ.

യാ അള്ളാ ! മോചിപ്പിയ്ക്കൂ എന്നെയീ -
അഹങ്കാരത്തിന്‍ തടവില്‍ നിന്നും .
പിന്നെ,അലയാന്‍വിടൂ മലകളിലും
മണല്‍ക്കാട്ടിലേയ്ക്കും...

ഞാന്‍ കൊതിയ്ക്കുന്നൂ ,
നിന്റെ സ്നേഹപാനത്താല്‍
ഉന്‍മത്തനാവാന്‍ ,
റുസ്തമിന്റെ ശക്തി കൈകളില്‍
ആവാഹിയ്ക്കാനും .
എങ്കിലും ,ഞാന്‍ തളരുന്നൂ
ദുഖിതരും എകാകികളുമായ
ഈ മനുഷ്യരാല്‍ ...

ഇരുട്ടില്‍ വിളക്കുമേന്തി,
എന്തു തിരയുന്നെന്നറിയാതെ
ചുറ്റിനടക്കും ശേക്കുകളും,മുല്ലാമാരും .
നശ്വരരായ ഈ നാട്യക്കാരാല്‍
പീഡിതനായി ഞാന്‍ ,
നിന്‍ ദിവ്യ പ്രകാശത്തിനായ് കേണ്...

സാരാംശത്തിന്‍ സാരാംശമേ,
നീ പ്രണയത്തിന്‍ ഉന്‍മത്തത .
നിന്‍ അപദാനങ്ങള്‍
പാടാന്‍ കൊതിച്ചു ഞാന്‍ ,
എങ്കിലും ,
ഹൃദയാഭിലാഷത്തിന്‍ തീവ്രതയാല്‍
മൌനിയായി !

Thursday, January 7, 2010

ഞാന്‍ നീയാകുന്നു ...

ഞാനെന്റെ പ്രിയന്റെ
വാതിലില്‍ മുട്ടി .
"ആരാണത്?"
അകത്തുനിന്നൊരു ശബ്ദം.
ഞാനോതി:
"ഇത് ഞാനാണ്".
ശബ്ദം:
"എനിയ്ക്കും,നിനക്കും തങ്ങാന്‍
ഇവിടെ ഇടമില്ല.
നീ മടങ്ങുക."

നീണ്ട വിയോഗത്തിനും,
ഏകാന്ത വാസത്തിനുമൊടുവില്‍
ഞാനെന്റെ പ്രിയന്റെ
വാതിലില്‍ മുട്ടി.
"ആരാണത്?"
ഞാന്‍ : "ഇത് നീയാണ്".
എനിയ്ക്കായി വാതില്‍
മലര്‍ക്കെ തുറന്നു.