Thursday, January 21, 2010

നീയൊരു നീര്‍പ്പക്ഷി

നിന്റെ പെറ്റമ്മ ഒരു വാത്തയും
വളര്ത്തമ്മ പിടക്കോഴിയുമാണ്.
അമ്മ ഒരു സമുദ്രചാരി ,
വളര്ത്തമ്മയോ ,
കരയില്‍ വസിയ്ക്കുന്ന വളര്‍ത്തു പക്ഷി .
ആത്മാവിനനുഭവപ്പെടുന്ന
സമുദ്രത്തിന്റെ വിളി
പെറ്റമ്മയില്‍ നിന്നും കിട്ടിയ
ജന്മ വാസന.
കരയില്‍ സുരക്ഷിതനായി കഴിയാനുള്ള
ആഗ്രഹം പോറ്റമ്മ യില്‍ നിന്നും കിട്ടിയ
വളര്‍ത്തു ഗുണം.
നീ പോറ്റമ്മയുടെ വലയത്തില്‍ നിന്നും
പുറത്തു വരൂ.
അവളെ നീ കരയിലുപേക്ഷിയ്ക്കൂ.
ആത്മീയ സമുദ്രത്തില്‍
മറ്റു വാത്തകളോടൊത്തുചേരാനുള്ള
സമയമായി.
ജലത്തെ ഭയക്കണമെന്ന
പാഠം നീ മറക്കൂ ,
എന്തെന്നാല്‍ ,
നീയൊരു നീര്‍പ്പക്ഷി .
നിനക്ക് കരയും കടലും
സ്വഗൃഹം തന്നെ.
പിടക്കോഴികളോ ,
വീട്ടിലെ കൂടുകളില്‍ മാത്രം
സുരക്ഷ കാണുന്നവര്‍ .

Thursday, January 14, 2010

നിന്നെ കാണാന്‍ കൊതിച്ച്...

നിന്‍ മുഖദര്‍ശനത്തിനായ്
കൊതിച്ചു ഞാന്‍
പൂന്തോപ്പിലും ,കൃഷിയിടങ്ങളിലും.
മധുരം നുണയേ,
നിന്‍ ചൊടികളില്‍
ചുംബിയ്ക്കുവാന്‍ മോഹം.
വള്ളിക്കുടിലിന്‍ തണലില്‍
നിന്‍ സ്നേഹത്തിനായ് ദാഹിച്ച്...

അല്ലയോ ശ്രേഷ്ഠനായ കമിതാവേ,
നിന്‍ ചൈതന്യത്താല്‍
ഈ ചെടികളെല്ലാം പൂവണിഞ്ഞിരിയ്ക്കുന്നു !
ഞാനെന്റെ ദുഃഖങ്ങള്‍ മാറ്റിവയ്ക്കട്ടെ.

യാ അള്ളാ ! മോചിപ്പിയ്ക്കൂ എന്നെയീ -
അഹങ്കാരത്തിന്‍ തടവില്‍ നിന്നും .
പിന്നെ,അലയാന്‍വിടൂ മലകളിലും
മണല്‍ക്കാട്ടിലേയ്ക്കും...

ഞാന്‍ കൊതിയ്ക്കുന്നൂ ,
നിന്റെ സ്നേഹപാനത്താല്‍
ഉന്‍മത്തനാവാന്‍ ,
റുസ്തമിന്റെ ശക്തി കൈകളില്‍
ആവാഹിയ്ക്കാനും .
എങ്കിലും ,ഞാന്‍ തളരുന്നൂ
ദുഖിതരും എകാകികളുമായ
ഈ മനുഷ്യരാല്‍ ...

ഇരുട്ടില്‍ വിളക്കുമേന്തി,
എന്തു തിരയുന്നെന്നറിയാതെ
ചുറ്റിനടക്കും ശേക്കുകളും,മുല്ലാമാരും .
നശ്വരരായ ഈ നാട്യക്കാരാല്‍
പീഡിതനായി ഞാന്‍ ,
നിന്‍ ദിവ്യ പ്രകാശത്തിനായ് കേണ്...

സാരാംശത്തിന്‍ സാരാംശമേ,
നീ പ്രണയത്തിന്‍ ഉന്‍മത്തത .
നിന്‍ അപദാനങ്ങള്‍
പാടാന്‍ കൊതിച്ചു ഞാന്‍ ,
എങ്കിലും ,
ഹൃദയാഭിലാഷത്തിന്‍ തീവ്രതയാല്‍
മൌനിയായി !

Thursday, January 7, 2010

ഞാന്‍ നീയാകുന്നു ...

ഞാനെന്റെ പ്രിയന്റെ
വാതിലില്‍ മുട്ടി .
"ആരാണത്?"
അകത്തുനിന്നൊരു ശബ്ദം.
ഞാനോതി:
"ഇത് ഞാനാണ്".
ശബ്ദം:
"എനിയ്ക്കും,നിനക്കും തങ്ങാന്‍
ഇവിടെ ഇടമില്ല.
നീ മടങ്ങുക."

നീണ്ട വിയോഗത്തിനും,
ഏകാന്ത വാസത്തിനുമൊടുവില്‍
ഞാനെന്റെ പ്രിയന്റെ
വാതിലില്‍ മുട്ടി.
"ആരാണത്?"
ഞാന്‍ : "ഇത് നീയാണ്".
എനിയ്ക്കായി വാതില്‍
മലര്‍ക്കെ തുറന്നു.