Wednesday, October 28, 2009

വാനമ്പാടിയും പനിനീര്‍പ്പൂവും

വാനമ്പാടി പനിനീര്‍പ്പൂവിനോട്:
"ഞാനും നീയും മാത്രമുള്ള
ഈ നിമിഷങ്ങളില്‍
നിന്‍റെ ഹൃദയത്തിലെന്താ-
ണെന്നെന്നോടുപറയൂ..."
പനിനീര്‍ പുഷ്പം:
"നീ നിന്നില്‍ തന്നെ മുഴുകി
ഇരിക്കുവോളം
നീയത് ചിന്തിയ്ക്കപോലുമരുത്.
ചെളിയും വെള്ളവും കൊണ്ട്
നിര്‍മ്മിച്ച ഈ ലോകത്തുനിന്നും
നിന്‍റെ ഞാനെന്നഭാവം
എടുത്തു മാറ്റൂ ,
നിന്നിലാ ദിവ്യ ചൈതന്യം
നിറയ്ക്കൂ ..."

ദൈവം മറഞ്ഞിരിക്കുന്നു

മറഞ്ഞിരിക്കുന്ന വസ്തുക്കള്‍
വൈരുധ്യങ്ങളാല്‍ പ്രത്യക്ഷമാകുന്നു
(ഇരുട്ടിനാല്‍ വെളിച്ചമെന്നപോലെ) .
ദൈവത്തിന് എതിരാളിയില്ല
അതിനാല്‍ അവന്‍
മറഞ്ഞേ ഇരിയ്ക്കുന്നു .
നമ്മുടെ കണ്ണുകള്‍ക്ക്‌
അവന്‍ അപ്രാപ്യന്‍ .
അവനോ,എന്തും പ്രാപ്യം !

Tuesday, October 27, 2009

എന്റെ മരണദിനത്തില്‍

എന്റെ മരണദിനത്തില്‍ ,
മയ്യത്ത് കൊണ്ടുപോകുമ്പോള്‍
ഈ ലോകത്തോടു വിടചോല്ലുന്നതില്‍
ഞാന്‍ വേദനിക്കുന്നു
എന്ന ചിന്ത വേണ്ട .

എനിക്കുവേണ്ടി കരയരുത് .
'ഹാ കഷ്ടം'എന്നാര്‍ത്തലക്കരുത്‌.
ചെകുത്താന്റെ പ്രലോഭനങ്ങളില്‍
കുടുങ്ങാതിരിക്കുക .

അകലുന്ന മയ്യത്തിനെ നോക്കി
'അവന്‍ നമ്മെ വിട്ടുപോകുന്നു'
എന്നു വിലപിക്കരുത്.
എനിക്കത് പുനഃസമാഗമത്തിന്റെ
നിമിഷങ്ങള്‍ .

എന്നെ നിങ്ങള്‍ മണ്ണില്‍ അടക്കുമ്പോള്‍
യാത്രാമൊഴി ചൊല്ലരുത് .
എനിക്കത് പരലോകത്തെ
കൂടിചേരലിനുള്ള മറ മാത്രം.

എന്നെ ഖബറിലേക്ക് താഴ്ത്തുമ്പോള്‍
നിങ്ങള്‍ ഉയര്‍ച്ചയെ കുറിച്ച് ചിന്തിക്കൂ .
അസ്തമയത്താല്‍ സൂര്യചന്ദ്രന്മാര്‍
ക്ഷയിക്കുന്നില്ലല്ലോ ?
നിങ്ങള്‍ക്കു അസ്തമയമായി
തോന്നുന്നത് ഉദയത്തിന്റെ
തുടക്കം മാത്രം .

ഖബര്‍ ഒരു തടവറയായി
നിങ്ങള്‍ക്ക് തോന്നാം.
എന്നാല്‍ അവിടെ ആത്മാവ്
സ്വതന്ത്രമാക്കപ്പെടുന്നു.

വിത്ത് മണ്ണിനടിയില്‍ പെട്ടാലെ
ചെടിയായി വളരൂ ,
അതുപോലെ മനുഷ്യനും.
തൊട്ടിയില്‍ ജലം നിറയാന്‍
അത് താഴേക്കിറക്കണം.

ആ ലോകത്ത് വാചാലനാകാന്‍
ഞാന്‍ ഇവിടെ നിശബ്ദനാകുന്നു.
ഇനി,
എന്റെ സംഗീതം
ആ അദൃശ്യലോകത്ത്
മാറ്റൊലിക്കൊള്ളട്ടെ.

Saturday, October 24, 2009

പുറപ്പാടിന്റെ കേളികൊട്ട്


അനുരാഗികളേ,
ഈ ലോകത്തുനിന്ന്
യാത്രയാകാനുള്ള സമയമായി .
സ്വര്‍ലോകത്തുനിന്നുയരുന്ന
പുറപ്പാടിന്‍റെ കേളികൊട്ട്
എന്‍റെ ആത്മാവുകേള്‍ക്കുന്നു.

സാര്ത്ഥവാഹകര്‍ ഒരുങ്ങിക്കഴിഞ്ഞു.
ഒട്ടകക്കാരന്‍ യാത്രയുടെ തിരക്കിലാണ് .
യാത്രയില്‍ ഉണ്ടാകാവുന്ന കഷ്ടതകള്‍ക്ക്
അവന്‍ നമ്മോടു ക്ഷമ ചോദിക്കുന്നു.
നമ്മള്‍ ,യാത്രക്കാരെന്താണ്
സുഷുപ്തിയില്‍ മുഴുകുന്നതെന്ന്
അവന്‍ ആശ്ചര്യപ്പെടുന്നു .

എവിടേയും വേര്‍പാടിന്റെ
അടക്കം പറച്ചിലുകള്‍ ,
ഒട്ടകങ്ങളുടെ മണികിലുക്കങ്ങള്‍ .

മെഴുതിരിനാളംപോലെ നക്ഷത്രങ്ങള്‍
നീലമേലാപ്പിനിടയില്‍ക്കൂടി
ഇമയിളക്കാതെ നോക്കുന്നു.

ആ അദൃശ്യതലമൊരുക്കാനായ്
കാണാമറയത്തെ മാലാഖമാര്‍
മുന്നോട്ടു വരുന്നൂ.

തിരിയുന്ന ആ ഗോളത്തില്‍
നിങ്ങള്‍ ഗാഢനിദ്രയിലായിരുന്നു.
ഉറക്കം ദീര്‍ഘവും വിരസവുമാണ്
ജീവിതമോ,വളരെ ലഘുവും !

പുറപ്പാടിന്‍റെ ഈ വേളയില്‍
ഹൃദയമേ,നീ നിന്‍റെ പ്രിയനേ തേടൂ.
സുഹൃത്തേ,നീ നിന്‍റെ സുഹൃത്തിനെയും .
കാവല്‍ക്കാരാ ഉണരൂ ,
ഉറങ്ങുന്ന കാവല്‍ക്കാരെ
ഇനിയിവിടെ ആവശ്യമില്ല.

ശബ്ദ,ചലനങ്ങളാലും,ദീപപ്രഭകളാലും
നിറഞ്ഞ ഈരാത്രി നിങ്ങള്‍
ആ അനശ്വര ലോകത്തേക്കു കാലുകുത്തൂ.
ഇത്രനാള്‍ നിങ്ങള്‍ വെറും ഉടലുകള്‍ ,
ഇപ്പോളാ ദിവ്യ ചൈതന്യമേറ്റുവാങ്ങാന്‍
തയ്യാറാകൂ ...

ഞാന്‍ ശില്പി

ഞാന്‍ ശില്പി,
രൂപങ്ങള്‍ മെനയുന്നു .
ഓരോ നിനിഷവും
ഞാനൊരു വിഗ്രഹം
വാര്‍ത്തെടുക്കുന്നു .
എന്നാല്‍,നിന്‍റെ മുന്നില്‍
ഞാനവയെല്ലാം തച്ചുടക്കുന്നു .

ഓരോ നിമിഷവും
പുതുരൂപങ്ങള്‍ വാര്‍ത്ത്
ഞാനതില്‍ ചൈതന്യ-
മാവാഹിക്കുന്നു.
എന്നാല്‍,നിന്‍റെ മുഖ-
ദര്‍ശനത്താല്‍ എനിക്കവയെല്ലാം
തീയിലെറിയാന്‍ ‍വെമ്പല്‍ !
ആരാണ് നീ?!
മധുശാലയിലെ വിളമ്പുകാരനോ,
സുബോധികളുടെ ശത്രുവോ?
ഞാന്‍ പണിയുന്ന ഓരോ
ഗൃഹവും തകര്‍ക്കുന്നതും നീയോ?!

നിന്‍റെ സൌരഭ്യത്തില്‍ മുങ്ങി
എന്‍റെ ആത്മാവ്
നിന്റെതുമായി അലിയുന്നു
ഞാനതിനെ താലോലിക്കട്ടെ.

ഞാന്‍ ചിന്തുന്ന ഓരോതുള്ളി രക്തവും
ലോകത്തോടു വിളിച്ചുപറയുന്നൂ:
"ഞാനെന്‍റെ പ്രിയനോടു ചേര്‍ന്നിരിക്കുന്നൂ".
എന്‍റെയീ മണ്‍ ‍കുടിലില്‍
നിന്‍റെ സാമീപ്യത്തിനായ് ഹൃദയം
കേഴുന്നൂ .
പ്രിയനേ, എന്‍റെ കുടിലിലേക്കു വരൂ,
അല്ലെങ്കിലീ കുടിലുപേക്ഷിച്ചു പോകാന്‍
എന്നെ നീ അനുവദിക്കൂ ...

Wednesday, October 21, 2009

ചിന്തകനും അനുരാഗിയും

ചിന്തകന്‍ എപ്പോഴും
നാട്യങ്ങളില്‍ മുഴുകുന്നു.
അനുരാഗി തന്നേത്തന്നെ
മറക്കുന്നു .

ചിന്തകന്‍ പൊങ്ങിവരുന്ന ജലത്തെ
പേടിച്ചോടുന്നു.
അനുരാഗി,സമുദ്രത്തില്‍
മുങ്ങിതാഴാനും തയ്യാര്‍ .

ചിന്തകന്‍ സദാ
വിശ്രമം തേടുന്നു.
അനുരാഗിയോ
അസ്വസ്ഥനായലയുന്നു.

അനുരാഗി ആള്‍ക്കൂട്ടത്തിലും
ഏകാനായിരിക്കുന്നു .
എണ്ണയും ജലവും പോലെ
അവര്‍ക്കൊരിക്കലും
തമ്മില്‍ ചേരാനാകില്ല .

ഉപദേശം തേടിയെത്തുന്നവര്‍ക്ക്
അനുരാഗിയില്‍ നിന്നും
ഒന്നും ലഭിക്കുന്നില്ല .
അവന്‍ വികാരങ്ങള്‍ക്ക്
അടിമ .

പ്രണയം, കസ്തൂരിപോലെ
അതിന്‍റെ സൌരഭ്യത്താല്‍
പ്രസിദ്ധമാണ് .
കസ്തൂരിക്കതിന്റെ കീര്‍ത്തിയില്‍നിന്നും
മാറിനില്‍ക്കാനാവുമോ?!

പ്രണയമൊരു വൃക്ഷവും ,
അനുരാഗിയതിന്‍റെ തണലുമാണ് .
തണലിനേറെ ദൂരം
പടരാന്‍ കഴിയും ,എന്നാല്‍
മരത്തിനെ വിട്ടു
നിലനില്‍പ്പുണ്ടോ ?!

ചിന്തകനാവാന്‍ ,ഒരു കുഞ്ഞു
വളര്‍ന്നു വലുതാകണം .
എന്നാല്‍,പ്രണയം വൃദ്ധരേയും
യൌവ്വനത്തിലേക്കു
മടക്കി കൊണ്ടുവരുന്നു .

നീയും ഞാനും

നാമിരുവരുമൊരുമിച്ചിരിക്കുന്ന
ഈ അനര്ഘനിമിഷങ്ങളില്‍
രണ്ടു രൂപങ്ങളില്‍,
രണ്ടു മുഖങ്ങളില്‍
നമ്മളൊരാത്മാവ്.

ഈ പൂന്തോപ്പില്‍
ചുറ്റിക്കറങ്ങുമ്പോള്‍
പൂക്കളുടെ നറുമണവും
കിളിക്കൊഞ്ചലുകളും
നമുക്കിന്നു ജീവാമൃതം .

നമ്മെ ഉറ്റുനോക്കുന്ന
ആ നക്ഷത്രങ്ങള്‍ക്ക്
ചന്ദ്രബിംബം
നമ്മള്‍ കാട്ടിക്കൊടുക്കും.

രണ്ടെന്ന ഭാവം വെടിഞ്ഞ്
നമ്മള്‍ ഒന്നാകലിന്റെ
നിര്‍വൃതി അനുഭവിക്കും.

ആ ഹര്ഷോന്മാദത്തില്‍ നമ്മള്‍
പാഴ്വാക്കുകളില്‍നിന്നു
മോചിതരാകും

മധു നുകരാനെത്തുന്ന
ആകാശപ്പറവകള്‍
നമ്മുടെ സന്തോഷാശ്രുക്കളാല്‍
ഹൃദയം നിറയ്ക്കും .

ഏതിന്ദ്രജാലത്താലാണ്
ലോകത്തിന്‍റെ രണ്ടറ്റത്താണെങ്കിലും
നാമിങ്ങനെ ചേര്‍ന്നിരിക്കുന്നത് ?!

ഈ ലോകത്ത് നമുക്കൊരു രൂപം
അടുത്ത ലോകത്തു മറ്റൊന്നാകാം .
ഒടുവില്‍ ,
ആ അനശ്വര ലോകത്തും
നാമിരുവരുമൊന്നായിരിക്കും.

സത്യവും രൂപവും

പ്രകാശമുണ്ടെങ്കിലേ നിറങ്ങള്‍
തിരിച്ചറിയപ്പെടൂ.
പച്ചയും,മഞ്ഞയും,ചുവപ്പുമെല്ലാം
ഇരുട്ടില്‍ കാഴ്ചയില്‍ നിന്നും
മറയുന്നു .
ഇരുട്ടില്‍ മാത്രമേ
പ്രകാശം ദൃശ്യമാകൂ.
മറഞ്ഞിരിക്കുന്നതെല്ലാം
വൈരുദ്ധ്യത്താല്‍ പ്രകടമാകുന്നു .
എന്നാല്‍ ,
ദൈവത്തിനു വൈരുദ്ധ്യമില്ല.
അതിനാല്‍
എല്ലാം കാണുന്ന അവന്‍
മനുഷ്യ നേത്രങ്ങളില്‍ നിന്നും
സ്വയം മറഞ്ഞിരിക്കുന്നു.
ഇരുണ്ടവനാന്തരത്തില്‍ നിന്ന്
പുറത്തേക്കു കുതിക്കുന്ന
കടുവയെപോല്‍
ദൃഷ്ടിഗോചരമല്ലാത്ത
അവനില്‍ നിന്നും
ദിവ്യചൈതന്യം
ബഹിര്‍ഗമിക്കുന്നു.

എന്റെ കവിത

എന്റെ കവിത
ഈജിപ്ഷ്യന്‍ റൊട്ടിപൊലെ.
സമയം വൈകുന്തോറും
നിനക്കിത് ഉപയോഗ ശൂന്യമാവും .
പൊടിപടലങ്ങള്‍
പുരളും മുന്‍പേ ,
പുതുമമായും മുന്‍പേ
നീയിതു രുചിച്ചു നോക്കൂ .
ഇത് ഹൃദയച്ചൂടില്‍ ചുട്ടെടുത്തത്.
ലൌകിക തണുപ്പേറ്റാല്‍
ജലത്തില്‍നിന്നും പുറത്തെത്തിയ
മത്സ്യം പോലെ ജീവനില്ലാതായേക്കാം.
എങ്കില്‍ ,
ഇതിന്റെ രുചിയറിയാന്‍
നിങ്ങളുടെ ഭാവന
കഠിനാധ്വാനം ചെയ്യേണ്ടിവന്നേക്കാം.
അങ്ങനെയെങ്കില്‍ സുഹൃത്തേ,
നിങ്ങള്‍ രുചിക്കുന്നത്
നിങ്ങളുടെ ഭാവനയുടെ സൃഷ്ടിയായിരിക്കും.
എന്റെയീ പഴമൊഴികളാകില്ല.

ദിവ്യചൈതന്യവാഹകര്‍

എപ്പോഴൊരുവന്‍
ദിവ്യചൈതന്യത്തിന്‍
വാഹനമാകുന്നുവോ ,
അപ്പോഴവന്‍ മാനുഷിക
ലക്ഷണങ്ങള്‍ക്കതീതന്‍ .
അവന്‍ പറയുന്നതെന്തുമാ-
ചൈതന്യത്തിന്‍ വചനങ്ങള്‍ .
ഇഹലോകവാസികള്‍ക്കായി
പരലോകചൈതന്യത്തിന്‍
വചനങ്ങള്‍ !

Tuesday, October 20, 2009

വാചാലനാകാതിരിക്കൂ


ഇന്നലെ പുലര്‍ച്ചക്ക്
അവന്‍ എന്നോടോതി:
നീ എന്റെ സമുദ്രത്തിലെ
ഒരു തുള്ളിയാണ്.
പിന്നെന്തിനീ വാചാലത?!
നീ ഈ സമുദ്രത്തിലിറങ്ങൂ,
ഈ ചിപ്പിയുടെതോട് നീ
മുത്തുകള്‍ കൊണ്ടു നിറക്കൂ...

നിന്‍റെ ചൊടികളെ അടക്കി നീ-
യൊരു മുത്തുച്ചിപ്പിയെപ്പോല്‍
മൌനിയായിരിക്കൂ.
പ്രിയ സ്നേഹിതാ,
നിന്‍റെ നാവ് ആത്മാവിന്റെ
ശത്രുവാകുന്നത് തടയൂ.

അധരങ്ങള്‍ മൌനിയാകുമ്പോള്‍
ഹൃദയത്തിനായിരം നാവുണരുന്നു.
നിശബ്ദനാവൂ,
എന്തിനാണിനിയുമീ പരീക്ഷണം?

വിശുദ്ധരുടെ ചൈതന്യം


പാപികളുടെ ലോകത്തെ
വെടിപ്പാക്കാനായി
ദൈവകൃപയാല്‍
സ്വര്‍ഗ്ഗത്തില്‍ നിന്നൊരു
ജലധാരയൊഴുകി.
ഒടുവില്‍ ,
അതിലലിഞ്ഞു ചേര്‍ന്ന
പാപഫലങ്ങളാല്‍
പവിത്രത നഷ്ട്ടപ്പെട്ട്,
മലിനമായി
ഉത്ഭവ സ്ഥാനത്തേക്ക്
തിരിച്ചൊഴുകി.
അവിടെ,
തന്‍റെ മാലിന്യങ്ങള്‍
ശുദ്ധീകരിച്ച്,
നിര്‍മ്മലയായി
വീണ്ടും ഭൂമിയിലെക്കൊഴുകി .
ആ നിര്‍മ്മല ജലമാണ്
വിശുദ്ധരുടെ ചൈതന്യം .
അത് വേദനിക്കുന്നവനുമേല്‍
ദൈവത്തിന്റെ സ്നേഹതൈലമാകുന്നു .
അവസാനം സ്വര്‍ഗ്ഗത്തിലേക്കു
തിരികെയൊഴുകുന്നൂ.

സംഗീതം

പ്രണയികളുടെ ഇഷ്ടഭോജ്യമാണ്
സംഗീതം .
അത് ആത്മാവിനെ
ഉത്കൃഷ്ടതയിലേക്കുയര്ത്തുന്നൂ.
അന്തര്‍ലീനമായ
അഗ്നിയെ ഊതിക്കത്തിക്കുന്നു ,
ശ്രവിക്കുന്നവര്‍ക്ക് ആനന്ദവും
സ്വാസ്ഥ്യവും നല്‍കുന്നു .

എന്നെ ഉന്മാദിയാക്കൂ

ഓ,അതുല്യനായ ജീവദാതാവേ,
എന്‍റെ പ്രജ്ഞയുടെ കെട്ടഴിച്ചുവിടൂ
അതിന്റെ ചാരക്കണ്ണുമായ്‌
നാട്യങ്ങള്‍ തോറുമലയാന്‍ വിടൂ.
എന്‍റെ തലയോട്ടി വെട്ടിപ്പോളിച്ച -
തില്‍ ഉന്മാദത്തിന്റെ മധു നിറയ്ക്കൂ...
നിന്നെപ്പോലെ,
നിന്നോടൊപ്പം ഉന്മാദിയാവാന്‍
എന്നെ നീ അനുവദിക്കൂ ...
വിഡ്ഠികളുടെ സാമാന്യബുദ്ധിക്കുമപ്പുറം
അവിടെയൊരു കത്തുന്ന മരുഭൂമി .
നിന്റെ താപത്താല്‍ ഓരോ അണുവും
പവിത്രമാക്കപ്പെടുന്ന ആതലത്തിലേക്ക്
എന്നെ നീ വലിച്ചിഴക്കൂ.
പൂര്‍ണതയുടെ ആ എരിതീയി-
ലെന്നെ നീ ചുട്ടെടുക്കൂ...

ഹൃദയം

എക്കാലവും നിലനില്‍ക്കുന്ന
സൌന്ദര്യം
ഹൃദയ ഭംഗിയാണ്‌ .
അതിന്റെ അധരങ്ങള്‍
ജീവപാനീയം ദാനം ചെയ്യുന്നു .
നിങ്ങളിലെ മന്ത്രത്തകിട് നശിക്കുമ്പോള്‍
ആ പാനീയവും, ദാതാവും
സ്വീകര്‍ത്താവും ഒന്നായിതീരുന്നു .
ആ ഒന്നാകല്‍ യുക്തിചിന്തകള്‍-
ക്കപ്രാപ്യമാണ് .

രഹസ്യം

രഹസ്യം പറയുന്നത്
പ്രത്യേക രീതിയിലാവണം .
കേള്‍ക്കുന്നവനു വിശ്വസനീയമായി ,
വാക്ചാതുര്യത്തോടെ പറയണം .
സൂക്ഷ്മ വശങ്ങള്‍ക്ക്
പ്രത്യേക ഊന്നല്‍ നല്‍കണം .
രഹസ്യത്തിന്റെ പങ്കാളിയതു-
വിശ്വസിക്കുന്നവന്‍ മാത്രമാണ്.
അതില്‍ വിശ്വസിക്കാത്തവന്‍റെ
കാതില്‍ രഹസ്യത്തിനു
സ്ഥാനമേതുമില്ല.

ഒന്നായിരിക്കും

കഴിഞ്ഞരാത്രി എന്നെ തനിച്ചാക്കി
നീ ഗാഢനിദ്രയിലാണ്ടു.
ഈ രാത്രി നീ തിരിഞ്ഞും
മറിഞ്ഞും അസ്വസ്ഥനായി ...

എപ്പോള്‍ നീ ഉന്മത്തനാകുന്നുവോ
അപ്പോള്‍ നീ നിന്റെതെന്നു
കരുതുന്ന വസ്തുക്കള്‍
പെറുക്കിയടുക്കുന്നു .

എന്നാല്‍ ‍ഞാന്‍ പറയുന്നൂ :
"ഈ വിശ്വമലിഞ്ഞില്ലാതെ-
യാകും വരേയ്ക്കും
നമ്മളിരുവരുമൊന്നായിരിക്കും"

ഇനിയും പേരിടാത്താരക

വളര്ത്തമ്മയില്‍ നിന്നുമകറ്റിയ കുഞ്ഞ്
ക്ഷണനേരം കൊണ്ടവളെ മറക്കുന്നു.
ഭൂമിക്കടിയില്‍ ഉണ്ടുറങ്ങിയ വിത്ത്‌
പുറന്തോടു പൊട്ടിച്ച്‌
സൂര്യനുനേരെ തലയുയര്‍ത്തുന്നു.
അജ്ഞാതമായ പ്രകാശം നിറച്ച്
ആകാശ വീഥിയിലൂടെ സഞ്ചരിക്കുന്ന
ആ പേരിടാത്താരക പോലെ
നീയുമീ ദിവ്യപ്രകാശം രുചിച്ച്
വൈയക്തികങ്ങളാം പുറന്തോടു-
പൊട്ടിച്ചീ ബൗദ്ധികലോകത്തെത്തൂ .

എന്നെ നീ പ്രണയിക്കുന്നുവോ?

ഇന്നലെ അവന്‍ എന്നോട്
ചോദിച്ചൂ :
"നീ എന്നെ പ്രണയിക്കുന്നുവോ?
എന്നെ പ്രണയിക്കുന്നതിലേറെ
നീ നിന്നെ സ്നേഹിക്കുന്നില്ലേ?"

ഞാന്‍ :
"എന്നിലെ ഞാന്‍ എന്നേ മരിച്ചു!
ഇന്നു ഞാന്‍ ജീവിക്കുന്നത്
നിനക്കായി മാത്രം.

ഞാനുമെന്റെതായ സര്‍വ്വവസ്തുക്കളും
എന്നേ മറഞ്ഞു പോയി.
ഇന്നെന്റെ അസ്ഥിത്വം
നിനക്കായി മാത്രം.

എന്റെ അറിവും പഠിപ്പുമെല്ലാം
എന്നേ കൈവിട്ടുപോയി.
എന്നാല്‍ നിന്നെ അറിഞ്ഞപ്പോള്‍
ഞാനൊരു പണ്ഡിതനായി

എന്റെ ശക്തിയാകെ
എന്നേ നശിച്ചുപോയി
എന്നാല്‍ നിന്റെ ശക്തിയാല്‍
എനിക്കിന്നെന്തും സാധ്യം.

ഞാന്‍ എന്നെ പ്രണയിക്കുന്നുവെന്നാല്‍
ഞാന്‍ നിന്നെ സ്നേഹിക്കുന്നു
ഞാന്‍ നിന്നെ പ്രണയിക്കുന്നുവെന്നാല്‍
ഞാന്‍ എന്നെ സ്നേഹിക്കുന്നു "

പ്രണയമില്ലെങ്കില്‍ ജീവിതം വ്യര്‍ത്ഥം

പ്രണയമെന്നാല്‍
ജീവിത സമരമാണ് .
പ്രണയമില്ലെങ്കിലോ
ജീവിതം വ്യര്‍ത്ഥം .
ആത്മാവും ഹൃദയവും കൊണ്ട്
അത് സമ്പൂര്‍ണമായി
പാനം ചെയ്യൂ ...

Monday, October 19, 2009

സ്വയമറിയാതെ

നീ നിനക്കുന്നു
പ്രശ്നങ്ങള്‍ക്കാധാരം
നീയെന്ന്.
നീ കവാടത്തിന്റെ തുറക്കാനാവാത്ത
പൂട്ടെന്നും .
എന്നാല്‍ ,നീ പ്രശ്നപരിഹാരിയാണ്,
താക്കോലും നീ തന്നെ
സ്വന്തം മുഖവും സൌന്ദര്യവും
നീ കാണുന്നില്ല ,
നിനക്ക് മറ്റൊരാളാകാന്‍ മോഹം !
എനിക്കറിയാം ,നിന്റെ മുഖത്തേക്കാള്‍
സുന്ദരമായി മറ്റൊന്ന്
കണ്ടെത്താനാവില്ലെന്ന്.

പ്രജ്ഞ നഷ്ടപ്പെട്ടവന്‍

എന്റെ ഹൃദയം സ്നേഹത്താല്‍
ജ്വലിക്കുകയാണ് .
നിങ്ങളീ ജ്വാല കാണുന്നില്ലേ ?
കടലില്‍ തിരകളെന്നപോലെ
ഹൃദയം പ്രണയത്താല്‍
ഇളകിമറിയുകയാണ്.
സുഹൃത്തുക്കളെനിക്കിന്നന്യരാണ്
ഞാനിന്നു ശത്രുവലയത്തില്‍ .
എന്നാല്‍,ഞാന്‍ കാറ്റിനെപ്പോലെ
സ്വതന്ത്രനാണ് .
ആര്‍ക്കുമെന്നെ നോവിക്കാനാവില്ല
എവിടെയായാലും ഞാനെന്‍റെ
സ്വന്തം ഗൃഹത്തിലാണ് .
അനുരാഗികളുടെ കൂടാരത്തിലെ
നൃത്ത സൌന്ദര്യം കണ്ണടച്ചാലു-
മെനിക്കിന്നു കാണാം
മൂടുപടത്തിനു പിന്നില്‍ ,
പ്രണയത്താല്‍ ഉന്മത്തനായി
കറങ്ങുന്ന ലോകത്തിന്റെ താളത്തില്‍
ഞാനും നൃത്തമാടുന്നു
പ്രണയികളുടെ ലോകത്തില്‍
പ്രജ്ഞ നഷ്ട്ടപ്പെട്ടവനായി ...

ഒരു നിഴലെന്നപോല്‍ ഞാന്‍ ...

ഇനിയും വന്നെത്താത്ത
വെള്ളപ്പൊക്കത്തില്‍
ഞാന്‍ നനഞ്ഞു കുതിര്‍ന്നു .

ഇനിയും യാഥാര്ത്ഥ്യമാകാത്ത
കല്ത്തുറുങ്കില്‍ ഞാന്‍
ബന്ധനസ്ഥനാണ്

ചതുരംഗ പലകയില്‍
കളിക്കാതെ തന്നെ ഞാന്‍
അടിയറവു പറഞ്ഞു

മധുചഷകത്തില്‍ നിന്നൊ-
രുതുള്ളി നുണയാതെ
ഞാനിന്നു മദോന്മ്മത്താനായി

പടക്കളത്തില്‍ കയറാതെ
ഞാനൊരു മുറിവേറ്റ
പടയാളിയായി

ഉണ്മയും മിഥ്യയും തിരിച്ചറിയാതെ
ഞാനിന്ന്,
ഒരു നിഴലെന്ന പോല്‍
ഞാനുണ്ട് ,എന്നാല്‍ ഇല്ല താനും !

കാഴ്ചക്കപ്പുറം

ശരികള്‍ക്കും തെറ്റുകള്‍ക്കു -
മപ്പുറം ഒരു തലമുണ്ട്‌
ഞാന്‍ നിന്നെ അവിടെ
സംഗമിക്കും .
ആ പുല്ത്തകിടിക്കുമേല്‍
ആത്മാവു വിശ്രമംകൊള്ളുമ്പോള്‍
ലോകം വര്‍ണ്ണനാതീതമായി
നിറഞ്ഞിരിക്കും .
ഭാഷയും,ഭാവനയും,യുക്തിയും
തമ്മില്‍ ചേരാതെ
അര്ഥശൂന്യമായലയും .

ഞങ്ങളുടെ പാത നിനക്കുള്ളതല്ല

നിനക്ക് സുഗന്ധം അനുഭവിക്കാനാവില്ലെങ്കില്‍
സ്നേഹത്തിന്റെ പൂന്തോപ്പില്‍
പ്രവേശിക്കാതിരിക്കുക .

നഗ്നനാവാന്‍ നീ തയാറല്ലെങ്കില്‍
സത്യത്തിന്റെ പാതയില്‍
കയറാതിരിക്കുക .

നീ എവിടെയാണോ അവിടെതന്നെ
നില്‍ക്കുക .
ഞങ്ങളുടെ പാത
നിനക്കുള്ളതല്ല .

ഹൃദയത്തില്‍ മെഴുതിരിയുമായി

നിന്റെ ഹൃദയത്തില്‍
തെളിക്കാന്‍ തയാറാക്കിവച്ച
ഒരു മെഴുതിരിയുണ്ട് .
നിന്റെ ആത്മാവില്‍ നിറയാന്‍ തയാറായ
ഒരു ശൂന്യതയും .
നിനക്കതു അനുഭവിക്കാനാവുന്നില്ലേ ?
നിനക്ക് പ്രിയനില്‍ നിന്നുള്ള
വേര്‍പാട്‌ അനുഭവിക്കാനാവുന്നില്ലേ ?
നിന്നില്‍ നിറയാനും ,
നിന്നിലെ അഗ്നിയെ ആശ്ലേഷിക്കാനും
നിന്റെ പ്രിയനെ ക്ഷണിക്കൂ ...
മറിച്ചുപദേശിക്കുന്നവരോടു
സ്നേഹം സ്നേഹത്തിനുവേണ്ടിയുള്ളതാണെന്നും
അതിന്റെ നേട്ടം പഠിപ്പിക്കാനാവില്ലെന്നും
ഓര്‍മ്മപ്പെടുത്തൂ

പനിനീര്‍പൂവു കൊഴിയുമ്പോള്‍

പനിനീര്‍പൂവു കൊഴിയുകയും
പൂന്തോപ്പു വാടുകയും ചെയ്‌താല്‍
വാനമ്പാടി പാട്ടുനിര്‍ത്തുന്നു .
പ്രേമഭാജനം സര്‍വ്വം
അനുരാഗിയോ,
വെറും യവനിക മാത്രം .
അവന്റെ പ്രണയം ക്ഷയിച്ചാല്‍
അവഗണിക്കപ്പെട്ട വളര്‍ത്തു പക്ഷിപോല്‍ മനം .
പ്രിയമുള്ളവനേ ,
നിന്റെ സ്നേഹപ്രകാശമില്ലെങ്കില്‍ ഞാന്‍
വെറുമൊരു ശയ്യാവലംബിയാം
ജീവച്ഛവം...

ഉന്മത്തനായി ഞാന്‍ ...

നിന്റെ സ്നേഹത്താല്‍
സംയമനം നഷ്ടപ്പെട്ടു ഞാന്‍
ഉന്മത്തനായി ...

പൂന്തോപ്പില്‍ ഞാന്‍ കാണുന്നത്
നിന്റെ മുഖം മാത്രം
ശ്വാസത്തില്‍ നിന്റെ ഗന്ധവും .

ഇനിയെനിക്കീ പ്രണയിയേയും
പ്രണയഭാജനത്തേയും
തമ്മില്‍ വേര്‍തിരിക്കാനാവില്ലൊരിക്കലും

റൂമിയുടെ ഗീതങ്ങള്‍

സൂഫി സാഹിത്യത്തിലെ പ്രഥമസ്ഥാനീയനാണ് മൌലാനാ ജലാലുദ്ദീന്‍ റൂമി .1207 ല്‍ പണ്ഡിതനും അധ്യാപകനുമായ ബഹാവുട്ദീന്റെ മകനായി അഫ്ഗാനിലെ ബല്ഖില്‍ ജനിച്ച അദ്ദേഹത്തിന് രാഷ്ട്രീയ കാരണങ്ങളാല്‍ തുര്‍ക്കിയിലേക്ക് പലായനം ചെയ്യേണ്ടി വന്നു . തുര്‍ക്കിയിലെ 'റൂം' പട്ടണത്തില്‍ താമസമാക്കിയതിനാല്‍ റൂമി എന്ന വിളിപ്പേരു വീണു . 1244 ല്‍ വിഖ്യാത സൂഫിവര്യന്‍ ഷംസുദ്ദീന്‍ ടബ്രീസിയെ കണ്ടുമുട്ടിയതോടെയാണ്‌ മതാധ്യാപകനായിരുന്ന റൂമി സൂഫിസത്തിലേക്ക് തിരിയുന്നത് .

പതിമൂന്നാം നൂറ്റാണ്ട്‌ സൂഫി സാഹിത്യത്തിന്റെ ഏറ്റവും സമ്പന്നമായ കാലഘട്ടമായിരുന്നു.ആ സുരഭിലതയുടെയും ,സമൃദ്ധിയുടെയും സമ്പൂര്‍ണ്ണ പ്രാതിനിധ്യം വഹിക്കുന്നു മൌലാനാ ജലാലുദ്ദീന്‍ റൂമി.നൂറ്റാണ്ടുകളെ അതിശയിക്കുന്ന അംഗീകാരവും പ്രശസ്തിയും റൂമിയോളം അവകാശപ്പെടാവുന്ന മറ്റൊരു പേര്‍ഷ്യന്‍ കവി ഇല്ല .
നിരവധി ലോക ഭാഷകളില്‍ വിവര്‍ത്തനങ്ങളിലൂടെ പ്രചരിക്കുന്ന ഷംസ്-ഇ-ടബ്രിസ്,മസ്നവി എന്നീ ബ്രഹദ് സമാഹാരങ്ങളാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍ .

1273 ല്‍ അദ്ദേഹം അന്തരിച്ചു .

ഇവിടെ ഞാനുമൊരെളിയ ശ്രമം നടത്തുന്നു
പദാനുപദ വിവര്‍ത്തനമല്ല ,ഒരു സ്വതന്ത്ര പരിഭാഷയാണ് ഇത് .
സ്വീകരിക്കുക , അനുഗ്രഹിക്കുക ....