Wednesday, December 16, 2009

ഞാന്‍ ദ്വൈതമുപേക്ഷിച്ചവന്‍

അല്ലയോ മുസല്‍മാന്മാരെ,
ഞാനെന്തു ചെയ്യാന്‍ !
ഞാനിനിയും എന്നെ
തിരിച്ചറിഞ്ഞിട്ടില്ല.
ഞാന്‍ ക്രിസ്ത്യാനിയോ,
ജൂതനോ അല്ല.
പാഴ്സിയോ,മുസല്‍മാനോ അല്ല.
കിഴക്കുനിന്നോ,പടിഞ്ഞാറുനിന്നോ
വന്നവനല്ല ഞാന്‍ .
കരയില്‍ നിന്നോ,കടലില്‍നിന്നോ
അല്ല എന്റെ വരവ്.
ഞാന്‍ കറങ്ങുന്ന ഗോളങ്ങളില്‍ നിന്നോ,
പ്രകൃതിയുടെ ഖനികളില്‍ നിന്നോ അല്ല.
ഞാന്‍ വരുന്നത് മണ്ണില്‍ നിന്നോ, ജലത്തില്‍നിന്നോ,
തീയില്‍ നിന്നോ,കാറ്റില്‍ നിന്നോ അല്ല.
സ്വര്‍ഗ്ഗീയനോ ധൂളിയോ അല്ല.
എനിയ്ക്കു നിലനില്‍പ്പോ അസ്തിത്വമോ ഇല്ല.
ഞാന്‍ ഭാരതീയനോ.ചീനനോ.
ബള്‍ഗേറിയനോ, സ്പെയിന്‍കാരനോ അല്ല.
ഞാനീ ലോകത്തോ,പരലോകത്തോ ,
സ്വര്‍ഗ്ഗത്തിലോ ,നരകത്തിലോ അല്ല.
ആദമോ,ഹവ്വയോ അല്ല.
ഏദനിലെയോ ,റിസ്വാനിലെയോ അല്ല.
സ്ഥലമില്ലായ്മയാണെന്റെ സ്ഥലം.
അടയാളമില്ലായ്മയാണെന്റെ അടയാളം.
ഞാന്‍ ദേഹിയോ,ദേഹമോ അല്ല.
എന്തെന്നാല്‍ ഞാന്‍ അവന്റെ
ആത്മാവിനു സ്വന്തം.

ഞാനെന്‍റെ ദ്വൈതമുപേക്ഷിച്ചവന്‍ .
രണ്ടുലോകങ്ങളെയും
ഒന്നായി കാണുന്നവന്‍ .
ഞാന്‍ തേടുന്നതും,കാണുന്നതും,
അറിയുന്നതും,വിളിയ്ക്കുന്നതും
ആ ഒന്നിനെ മാത്രം!
ആദ്യവും,അന്ത്യവും,അകവും,പുറവും
അവന്‍ മാത്രം!
അവനെയല്ലാതെ മറ്റൊന്നും
ഞാനറിയുന്നില്ല.
പ്രണയത്താല്‍ ഉന്മത്തനായ
എന്റെ കൈകളില്‍ നിന്ന്
രണ്ടുലോകങ്ങളും വഴുതിവീണു.
ഇപ്പോഴെനിയ്ക്ക് ചെയ്യാനുള്ളത്
മദോന്മ്ത്തനായി ആഘോഷിയ്ക്കല്‍ മാത്രം.
ഇന്ന് ഞാന്‍ നിന്നില്‍നിന്നകന്ന്
ഒരു നിമിഷം കഴിഞ്ഞാല്‍
ഞാനീ ജന്മം മുഴുവന്‍
പശ്ചാത്തപിക്കും .
നിന്നോടൊപ്പം
ഒരു നിമിഷം കഴിഞ്ഞാല്‍
ഞാനീ രണ്ടുലോകങ്ങളെയും
ചവിട്ടിമെതിച്ചാനന്ദ നൃത്തമാടും.
ഓ തബ്രീസിലെ ഷംസ്,
ഞാനീ ലോകത്ത് മദോന്മത്തനാണ് .
മാധുപാനത്തിന്റെയും,ആഘോഷത്തിന്റെയു -
മല്ലാതെ മറ്റു കഥകള്‍ എനിയ്ക്കിന്നു
ചൊല്ലാനില്ല.

അവനിലേക്കു മടങ്ങാം

ധാതുവായി മരിച്ച്
ഞാനൊരു ചെടിയായി പിറന്നു .
ചെടിയായി മരിച്ച്
ഒരു മൃഗമായി ജനിച്ചു.
മൃഗമായി മരിച്ച ഞാന്‍
മനുഷ്യനായി പിറന്നു.

ഞാനെന്തിനു ഭയക്കണം?
മരണം കൊണ്ട് ഞാനെന്നാണ്
ചെറുതായിട്ടുള്ളത്?

മനുഷ്യനായി മരിക്കുന്ന ഞാന്‍
മാലാഖമാരുടെ കൂടെ
അവരുടെ ലോകത്തേക്ക്
പറന്നുയരും.
എനിക്കവിടെ നിന്നും
പിന്നെയും മുന്നോട്ടു പോകണം.

അവനൊഴികെ
മറ്റെല്ലാം നശിയ്ക്കുമെന്നു
ഖുറാന്‍ വചനം.

ഞാനെന്‍റെ മാലഖരൂപം
ത്യജിച്ച ശേഷം
സങ്കല്‍പ്പാതീതമായ
ആ ലോകത്തെത്തും.
പിന്നെ,
ഞാനില്ലാതെയാകും!
അപ്പോള്‍ മന്ത്രസ്ഥായിയിലൊരു
നാദം മുഴങ്ങും
"അവനിലേക്കു മടങ്ങാം"

Friday, December 4, 2009

മാറ്റച്ചന്ത

ഇതുപോലൊരു മാറ്റച്ചന്ത
മറ്റെവിടെ കണ്ടെത്തും?
ഒരു പനിനീര്‍പ്പൂവിനു
പകരമായി നിനക്കൊരു
പനിനീര്‍പ്പൂന്തോട്ടം വാങ്ങാം.
ഒരു ധാന്യമണിയ്ക്കു പകരമായ്
ഒരു വയലാകെയും!
ഒരു ദുര്‍ബല നിശ്വാസം
ദിവ്യമായ കാറ്റിനു പകരം വയ്ക്കാം.

മണ്ണില്‍ അലിഞ്ഞു ചേരുമെന്നും
കാറ്റില്‍ ലയിച്ചു പോകുമെന്നും
നീ ഭയന്നിരുന്നു.
നിന്റെ ജലകണങ്ങള്‍ മണ്ണില്‍ വീണ്
സമുദ്രത്തിലൊഴുകിയെത്തട്ടെ.
അവിടെ നിന്നാണവ
രൂപം കൊണ്ടത്‌.
രൂപത്തില്‍ മാറ്റം വന്നാലെന്ത്
സാരാംശത്തില്‍ മാറ്റമില്ല,
അതിപ്പോഴും ജലം തന്നെ.

ഈ കീഴടങ്ങല്‍ പശ്ചാത്താപമല്ല,
സ്വയം ആദരിക്കലാണ്.

സമുദ്രം നിന്നരികിലേയ്ക്കൊരു
പ്രണയിനിയായി വന്നാല്‍
ഒട്ടും സമയം കളയരുത്,
അവളെ പരിണയിക്കുക.
നീട്ടിവയ്ക്കാതിരിക്കുക.
ജീവിതത്തിലിതിനേക്കാള്‍
നല്ലൊരു സമ്മാനമില്ല.
എത്ര തേടിയാലും ഇനിയൊരിക്കല്‍
കണ്ടെത്തണമെന്നില്ല.
അപ്രതീക്ഷിതമായി
ഒരു വിശിഷ്ട ശലഭം
നിന്‍റെ തോളില്‍ വന്നിരിയ്ക്കുന്നു,
അത് നിനക്ക് സ്വന്തം.

അവസാനയാത്ര

അവസാനം നീ കാണാമറയത്തേയ്ക്ക്
യാത്രയായി .
എത്ര വര്‍ണ്ണനാതീതം,
ഈ ലോകത്തുനിന്നുള്ള
നിന്റെ വിടവാങ്ങല്‍ !

നിന്റെ പഞ്ചരത്തില്‍നിന്നും
വിമോചിതയായി ,
ചിറകു വിരിച്ച്
ആത്മാവിന്‍റെ ലോകത്തേക്കു
പറന്നുപറന്ന്.....

നീ വയോവൃദ്ധയാല്‍
കെണിയിലാക്കപ്പെട്ട പ്രാപ്പിടിയന്‍ .
പുറപ്പാടിന്‍റെ കേളികൊട്ടുയര്‍ന്നപ്പോള്‍
കൂടുതകര്‍ത്തു പരലോകത്തേയ്ക്കുയര്‍ന്നു .

കൂമന്മാര്‍ക്കിയിടയിലകപ്പെട്ട
വിരഹിയായ വാനമ്പാടി നീ,
പനിനീര്‍പ്പൂവിന്‍ ഗന്ധം പരന്നപ്പോള്‍
പൂന്തോപ്പിലെയ്ക്ക് പറന്നു.

ദുഷിച്ച മധുപാനത്താല്‍
നീ ഉന്മത്തനായിരുന്നു.
എന്നാല്‍ ഇപ്പോള്‍ നീയാ ,
അനശ്വര കൂടാരത്തിലെത്തി.

ഉന്നം നോക്കി തൊടുത്തുവിട്ട
അസ്ത്രം പോലെ നീ
പരമാനന്ദമെന്ന ലകഷ്യത്തിലേയ്ക്ക്
കുതിച്ചുയര്‍ന്നു.

ഈ മായാലോകം തെറ്റായവഴികള്‍ ചൂണ്ടി
നിന്‍റെ ലക്‌ഷ്യം തടയാന്‍ ശ്രമിച്ചു.
നീയതത്രയും മറികടന്ന്
അടയാളങ്ങളില്ലാത്ത ലോകത്തേയ്ക്ക്
യാത്രയായി.

ഇപ്പോള്‍ നീ സൂര്യനേക്കാള്‍
തേജസ്സുള്ളവന്‍
പിന്നെന്തിനു കിരീടം?

ഈലോകം വെടിഞ്ഞ
നിനക്കെന്തിനാണു തലപ്പാവ്!

അന്ധമാം കണ്ണിനാല്‍ എന്തിനു-
നീ തിരയുന്നു ആത്മാവിനെ ?
നീയാ പരമാത്മാവില്‍ നിന്നും
വന്നവ‍ന്‍ .

അല്ലയോ ഹൃദയമേ,
നീയെന്തൊരസാധാരണ പക്ഷി !
ആ ദിവ്യലോകത്തണയാനുള്ള
ആര്‍ത്തിയില്‍ ശത്രുവിന്‍ കുന്ത-
മുനയൊടിച്ചു ചിറകുവിരിച്ചു
കൃത്യമായി പറന്നു പറന്ന് ...

ശരത് കാലമണയുമ്പോള്‍
പൂക്കളപ്രത്യക്ഷമാകുന്നു.
നീയോ, ശീതക്കാറ്റിനെയും
അതിജീവിച്ച പനിനീര്‍പ്പൂവ്.

നീയീ ലോകമേലാപ്പില്‍
പെയ്തിറങ്ങിയ പ്രണയമഴ .

ഇനി വാക്കുകളില്ല ,അതുണര്‍ത്തിയ
നൊമ്പരമില്ല .
നീയിനി നിത്യമായ ലോകത്തില്‍
പ്രാണപ്രിയന്റെ കൈകളില്‍
വിശ്രമിയ്ക്കൂ ... .

സ്നേഹ ജാലകം

ശരീരത്തില്‍ ആത്മാവിന്‍റെ
സ്പര്‍ശനം പോലെ
ചില ചുംബനങ്ങള്‍
ജീവിതകാലമത്രയും
കാത്തിരിയ്ക്കുന്നു.
ചിപ്പിത്തോടുപൊട്ടിച്ചു
പുറത്തുവരാന്‍
നദീജലം മുത്തിനോട്

അപേക്ഷിയ്ക്കുന്നു.
ആമ്പല്‍പ്പൂവ് വികാരവതിയായി
നിശാശലഭത്തെ കാത്തിരിയ്ക്കുന്നു.
ഞാനും ചന്ദ്രികയെ
ജാലകവാതില്‍ തുറന്ന് ക്ഷണിച്ചു,
എന്‍റെ കവിളില്‍ കവിള്‍ ചേര്‍ക്കാന്‍ .
വാക്കുകളാം വാതിലടയ്ക്കൂ,
സ്നേഹമാം ജാലകം തുറക്കൂ.
ചന്ദ്രിക വാതിലിലൂടെയല്ല,
ജാലകത്തിലൂടെ വരുന്നു.

ആന്തരിക രഹസ്യം

മഴയും തണുപ്പുമുള്ളപ്പോള്‍
നീ കൂടുതല്‍ സുന്ദരിയാകുന്നു.
മഞ്ഞ് എന്നെ നിന്‍റെ അധരങ്ങളോട്
കൂടുതല്‍ അടുപ്പിയ്ക്കുന്നു.
ഇനിയും പിറക്കാനിരിക്കുന്ന
ആ ആന്തരിക രഹസ്യം ,
ആ നവ്യതയാണ് നീ
ഞാനോ നിന്നോടൊപ്പവും.
നിന്‍റെ വരവും പോക്കും
വര്‍ണ്ണനാതീതം!
നീ ക്ഷണത്തില്‍ പ്രത്യക്ഷമാകുന്നു.
ഇനി ഞാന്‍ മറ്റെങ്ങുമില്ല,
നിന്നില്‍ മാത്രം.

വിശുദ്ധി

വിശുദ്ധിയെന്ന ജലത്തില്‍
ഞാനുപ്പുപോലെ ലയിച്ചു .
ദൈവദൂഷണം, വിശ്വാസം,
കുറ്റം ചുമത്തല്‍, സംശയം
ഒന്നും തന്നെ അവശേഷിച്ചില്ല.
എന്‍റെ ഹൃദയത്തില്‍
ഒരു നക്ഷത്രം ഉദിച്ചു.
സപ്തസ്വര്‍ഗങ്ങളും
അതില്‍ ഇല്ലാതെയായി.

Saturday, November 7, 2009

കണ്ണാടി

നിന്‍റെ ഹൃദയം എന്നാണോ
അഹംഭാവത്തില്‍നിന്നും
മുക്തമാകുന്നത്,
അന്നുനിനക്ക് നിന്‍റെ
ശാശ്വതനായ പ്രിയനെ
ദര്ശിയ്ക്കാനാവുന്നു.
കണ്ണാടിയില്ലാതെ നിനക്ക്
നിന്നെ കാണാന്‍ സാധ്യമല്ല.
നീ നിന്‍റെ പ്രിയനെ നോക്കൂ,
ഏറ്റവും തെളിച്ചമുള്ള
കണ്ണാടിയാണവന്‍ .

ഹൃദയങ്ങളൊന്നായാല്‍...

പ്രാണപ്രിയന്‍റെ ജീവജലമുണ്ടെങ്കില്‍
എല്ലാ വ്യാധികളും സുഖപ്പെടുന്നു .
അവന്‍റെ സംഗമമാകുന്ന
പനിനീര്‍ പൂവാടിയില്‍
മുള്ളുകള്‍ക്കിടമില്ല.
അവര്‍ പറയുന്നൂ
പ്രണയികളുടെ ഹൃദയങ്ങള്‍
തമ്മില്‍ സംവദിയ്ക്കാന്‍
ഒരു കിളിവാതിലുന്ടെന്ന്.
എന്നാല്‍,ഞാനാശ്ചാര്യപ്പെടുന്നു
ഹൃദയങ്ങളുടെ ഇടയില്‍
ഒരു മതില്പോലുമില്ല ,
പിന്നെങ്ങിനെ കിളിവാതില്‍?!

ഉറക്കമില്ലാത്ത രാത്രികള്‍

നമ്മള്‍ ഒരുമിച്ചിരിയ്ക്കുമ്പോള്‍
നാം രാത്രി മുഴുവന്‍
ഉണര്ന്നിരിയ്ക്കുന്നു.
നീ അടുത്തില്ലെങ്കില്‍
എന്‍റെ രാത്രികള്‍
ഉറക്കമില്ലാത്തവയാകുന്നു.
ഈ രണ്ടുറക്കമില്ലായ്മകള്‍ക്കും
അവയുടെ അന്തരങ്ങള്‍ക്കും
നമുക്കു ദൈവത്തെ സ്തുതിയ്ക്കാം!

ഒന്നായലിഞ്ഞവര്‍

ആദ്യമായി ഒരു പ്രണയകഥ
കേട്ട നിമിഷം മുതല്‍
ഞാന്‍ നിനക്കായുള്ള
തിരച്ചില്‍ തുടങ്ങി.

എനിയ്ക്കറിയില്ലായിരുന്നു
എത്ര അന്ധമാണതെന്ന്!

പ്രണയികള്‍ ഒടുവില്‍
പരസ്പരം കണ്ടുമുട്ടുകയല്ല ,
അവര്‍ എന്നേ ഒന്നായലിഞ്ഞവര്‍ !

പ്രണയം ദൈവദത്തമാണ്

പ്രണയം ദൈവദത്തമാണ്,
നശ്വരമാണ് .
പ്രണയത്തെ തേടുന്നവന്‍
ജനിമൃതികളുടെ ചങ്ങലകളില്‍നിന്നും
മോചിതരാകുന്നു .
ഒരിയ്ക്കല്പോലും പ്രണയം
അനുഭവിയ്ക്കപ്പെടാത്ത ഹൃദയങ്ങള്‍
ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍
കണക്കെടുപ്പില്‍ പരാജിതരാകുന്നു.

ഗുരുവിനെ ദര്‍ശിക്കാത്ത ജീവിതം

യഥാര്‍ത്ഥ ഗുരുവിനെ
ഒരിക്കല്‍പോലും ദര്‍ശിക്കാത്ത
ജീവിതം
ദീര്‍ഘ നിദ്രയോ
മൂടുപടമണിഞ്ഞ മരണമോ !
നിന്നെ മലിനമാക്കുന്നത്
ജലമായാലും അത്
വിഷ തുല്യം .
ശുദ്ധീകരിക്കുന്നതോ
വിഷമായാലും അത്
ശുദ്ധമായ ജലം തന്നെ.

പുല്ലാങ്കുഴലിന്റെ ദുഃഖം

വിരഹത്താല്‍ കേഴുന്ന
പുല്ലാങ്കുഴലിന്റെ നാദം കേള്‍ക്കൂ

"മുളങ്കാട്ടില്‍ നിന്നടര്‍ത്തി മാറ്റിയ
എന്റെ വിലാപങ്ങള്‍
സ്ത്രീപുരുഷന്മാരെ കണ്ണീരിലാഴ്ത്തി.
സ്നേഹത്തിന്റെ തീവ്രാഭിലാഷത്താ-
ലുണ്ടാവുന്ന വേദന പങ്കുവയ്ക്കുവാന്‍
എനിക്കൊരു വിരഹിയുടെ
നെഞ്ചകം വേണം.

സ്വന്തം കൂട്ടത്തില്‍ നിന്നും
വേര്‍പെട്ടവര്‍ പുനസമാഗമത്തിനായ്
കാത്തിരിക്കും.

ആള്‍ക്കൂട്ടത്തില്‍ ഞാനൊരു
വിലാപഗായകനായി.
എന്റെപാട്ട് ദുഖിതനും, ആനന്ദിക്കുന്നവനും
ഒരുപോലെ പ്രിയപ്പെട്ടതായി.

ഓരോരുത്തരും എന്റെപാട്ട്
അവരുടെ വികാരങ്ങള്‍ക്കനുസരിച്ച്
ആസ്വദിക്കുന്നു.
എങ്കിലും എന്റെപാട്ടിലെ ഭാവം
ആരും തിരയുന്നില്ല.

എന്റെ വേദനയുടെ രഹസ്യം
ആരും തിരക്കുന്നില്ല.

എന്റെ രഹസ്യം,
എന്റെ വിലാപങ്ങളില്‍ നിന്നന്യമല്ല.
എന്നാല്‍ അവ കാണാനോ
കേള്‍ക്കാനോ സാധ്യമല്ല.

ശരീരത്തില്‍ നിന്ന് ആത്മാവ് വേറെയല്ല,
ആത്മാവില്‍നിന്ന് ശരീരവും.
എന്നിട്ടും ഇന്നുവരെ ആരും
ആത്മാവിനെ കണ്ടിട്ടില്ലല്ലോ!"

പുല്ലാങ്കുഴലില്‍ നിന്നുയരുന്നത്
അഗ്നിയാണ്, വെറും കാറ്റല്ല.
ആ അഗ്നി ജീവനില്‍ ഇല്ലാത്തവര്‍
ജഡതുല്യര്‍ .

സ്നേഹത്തിന്റെ അഗ്നിയാണ്
മുളംതണ്ടിനെ ജ്വലിപ്പിക്കുന്നത്.

സ്നേഹത്തിന്റെ ലഹരിയാണ്
മുന്തിരിയെ വീഞ്ഞാക്കുന്നത്.

സ്നേഹിക്കുന്നവരില്‍ നിന്നു
പിരിയേണ്ടി വന്നവര്‍ക്കേറ്റവും
വിശ്വസ്തസുഹൃത്താണ് പുല്ലാങ്കുഴല്‍ .
അവരുടെ എല്ലാ രഹസ്യങ്ങളും
അവിടെ പങ്കുവയ്ക്കാം.

അതൊരു വൈദ്യനും മരുന്നുമാണ്.

പുല്ലാങ്കുഴല്‍ സ്നേഹത്തിന്‍റെ
നിണമണിഞ്ഞപാതയെ വിവരിയ്ക്കുന്നു.
മജ്നുവിന്റെ സ്നേഹഗാഥ പാടുന്നു.

എന്നാല്‍ വെറുംവാക്കുകള്‍
ഉള്ളില്‍ തട്ടില്ല.

ദോഷകാലത്ത് കാലം
ഇഴയുന്നതായി തോന്നും,
പട്ടിണിക്കാരന് ദിവസംനീണ്ടതായും.

കഴിഞ്ഞകാലത്തെക്കുറിച്ച് ആകുലപ്പെടാതിരിക്കൂ
വരാനിരിക്കുന്നത് 'അവന്‍റെ' കാലം.

ളിരിലയ്ക്കറിയില്ല
പഴുത്ത ഇലയുടെ ഉള്ളം.
അതുകൊണ്ട് ഞാനീ വിവരണം
ഇവിടെ നിര്‍ത്താം.

Thursday, November 5, 2009

ഇത് പ്രണയം

ഇത് പ്രണയം,
ഓരോ നിമിഷവും
ഒരുനൂറു മൂടുപടങ്ങള്‍
വലിച്ചുകീറി ,
സ്വര്‍ലോകത്തേക്കു
കുതിച്ചുയരുന്നു.

ആദ്യശ്രമം ഈ ജീവിതം
ഉപേക്ഷിയ്ക്കുന്നതിന്.
പിന്നെ,
കാലുകളില്ലാതെ
സഞ്ചരിക്കുന്നതിനും ...
സ്വന്തം കണ്ണുകളെ
അവഗണിക്കാനും
പരലോകത്തെ അംഗീകരിക്കാനും.

ഓ ഹൃദയമേ,
നീ അനുഗൃഹീതമാണ് .
നിനക്കീ പ്രണയികളുടെ കൂട്ടത്തില്‍
കടക്കാന്‍ കഴിഞ്ഞല്ലോ!
കണ്ണുകള്‍ക്ക്‌ കാണാന്‍ കഴിയാത്തത്
അനുഭവിക്കാനും
അവരുടെ നെഞ്ചകത്തിരിക്കുവാനും
നിനക്ക് കഴിഞ്ഞുവല്ലോ!

അല്ലയോ ആത്മാവേ,
നീയെങ്ങിനെയാണ്
ശ്വസിയ്ക്കാന്‍ തുടങ്ങിയത്?
ഹൃദയമേ,നീ എങ്ങിനെയാണ്
മിടിയ്ക്കാന്‍ തുടങ്ങിയത്?

ആത്മാവ്: "ഞാനീ മണ്‍കുടിലിന്റെ
പണിപ്പുരയിലുണ്ടായിരുന്നു.
ഈ ലോകത്തിന്റെ
നിര്‍മ്മാണവേളയില്‍
ഞാനവിടെനിന്നും ഓടിപ്പോന്നു.
എതിരിടാന്‍ കഴിയാതെ വന്നപ്പോ-
ഴൊരു കളിമണ്‍കട്ടകണക്കെ
താഴേയ്ക്ക് വലിച്ചിടപ്പെട്ടു"

Wednesday, November 4, 2009

അതിഥി മന്ദിരം

മനുഷ്യന്‍ ഒരതിഥി മന്ദിരം.
ഓരോ പ്രഭാതത്തിലും
പുതിയ അതിഥികള്‍.
ചിലപ്പോള്‍ ആനന്ദം ,
ചിലപ്പോള്‍ വിദ്വേഷം,
അല്‍പ്പത്തം...
അപ്രതീക്ഷിത വിരുന്നുകാരായി
ചില നൈമിഷിക അറിവുകള്‍!
വീടു താറുമാറാക്കി,
ഉപകരണങ്ങള്‍ തല്ലിത്തകര്‍ക്കുന്ന
ഒരുപറ്റം ദുഖങ്ങളാകാം ചിലപ്പോള്‍ .
എങ്കിലും,എല്ലാ അതിഥികളെയും
ഒരുപോലെ സ്വീകരിയ്ക്കൂ
ആദരിയ്ക്കൂ,ആനന്ദിപ്പിയ്ക്കൂ.
ആ തച്ചുടയ്ക്കല്‍
കൂടുതല്‍ മേന്മ്മയുള്ളവയാല്‍
നിറയ്ക്കപ്പെടാനാവാം.
വിദ്വേഷം,കുബുദ്ധി , നാണക്കേട്‌...
എന്തുമാകട്ടെ,
അവരെ പടിവാതില്‍ക്കല്‍
പുഞ്ചിരിയോടെ സ്വാഗതം ചെയ്യൂ.
അകത്തേയ്ക്കു ക്ഷണിയ്ക്കൂ
എല്ലാ അതിഥികളോടും
നന്ദിയുള്ളവനാകൂ.
അവരെല്ലാം ആ പരാശക്തിയാല്‍
നയിയ്ക്കപ്പെട്ടവരെന്നറിയൂ.

നിന്നിലെ നിധി

നിന്നിലൊരു ജീവ ശക്തിയുണ്ട്
അതുനീ കണ്ടെത്തൂ.
നിന്‍റെ ശരീരമെന്ന മഹാമേരുവില്‍
ഒരു രത്ന ശേഖരമുണ്ട് .
ആ ഖനി നീ കണ്ടെത്തൂ.
അല്ലയോ സഞ്ചാരീ,
നീയതു തേടിയുള്ള യാത്രയിലെങ്കില്‍
പുറത്തേയ്ക്കു നോക്കേണ്ട ആവശ്യമില്ല.
നീ നിന്നിലെയ്ക്ക് നോക്കൂ,
ആ നിധി കണ്ടെത്തൂ.

എനിയ്ക്കു കണ്ണെന്തിന് !

എന്നിലെ എന്നെക്കാണാന്‍
എനിയ്ക്കു കണ്ണെന്തിന് !
അവന്‍റെ കണ്ണുകളാല്‍
എനിയ്ക്കീ ലോകം മുഴുവന്‍
വ്യക്തമായി കാണാം.
പിന്നെന്തിനു വെറുതെ
എന്റെ കണ്ണുകളെ അലട്ടണം!

നിന്നെ ഞാന്‍ എന്റെതാക്കും

നീ ക്ഷമാശീലനെങ്കില്‍
ഞാന്‍ നിന്നെ അതില്‍നിന്ന്
മോചിപ്പിയ്ക്കും .
നീ ഉറക്കത്തിലെങ്കില്‍
നിന്‍റെ മിഴികളില്‍ നിന്ന്
നിദ്രയെ ആട്ടിയോടിയ്ക്കും.
നീയൊരു മഹാമേരുവെങ്കില്‍
ഞാന്‍ നിന്നെ തീയില്‍
ഉരുക്കിയെടുക്കും.
നീയൊരു മഹാ സമുദ്രമെങ്കില്‍
ഞാന്‍ നിന്നെ പൂര്‍ണ്ണമായി
പാനം ചെയ്യും.

അവര്‍ണ്ണനീയം

പ്രണയത്തെ
എത്ര വര്‍ണ്ണിച്ചാലും
അതില്‍ മുങ്ങുമ്പോള്‍
ഞാന്‍ ലജ്ജാലുവാകുന്നു .
പ്രണയത്തെ വിവരിയ്ക്കുമ്പോള്‍
എന്‍റെ ബുദ്ധി
ചേറില്‍പ്പെട്ട കഴുതയെപ്പോലെ
തലകുത്തി വീഴുന്നു .
പ്രണയത്തിനു മാത്രമേ
പ്രണയത്തിന്റേയും,പ്രണയികളുടെയും
നിഗൂഢതകള്‍ മനസ്സിലാകൂ.

അര്‍പ്പണം

പ്രണയത്താല്‍ ആവരണം
ചെയ്യപ്പെടാത്ത ആത്മാവ്
അതിന്റെ നിലനില്‍പ്പില്‍
ലജ്ജാലുവാകുന്നു.

പ്രണയത്താല്‍ ഉന്മത്തനാകൂ
എന്തെന്നാല്‍ അതുമാത്രമാണ്
നാശമില്ലാത്തത്‌ .

നിങ്ങള്‍ ചോദിച്ചേക്കാം
എന്താണ് പ്രണയമെന്ന്.
അത് ആഗ്രഹങ്ങളെ
നിരാകരിക്കലാണ്.
അല്ലാത്തവന് പ്രണയം
അസാധ്യം .

പ്രണയി രണ്ടുലോകങ്ങള്‍ക്കു-
മപ്പുറംനില്‍ക്കുന്ന മഹാരാജാവാണ്‌.
അനശ്വരമായ ജീവിതം
പ്രണയത്തിനും പ്രയികള്‍ക്കും മാത്രം.

നിന്റെ ഹൃദയത്തെ
പ്രണയത്തില്‍ അര്‍പ്പിയ്ക്കൂ.
മറ്റെല്ലാം വെറും കടംകൊള്ള‍ല്‍ .

പ്രണയം

പ്രണയത്താല്‍ കയ്പ്പും മധുരമായ്‌ മാറും,
പ്രണയത്താല്‍ ചെമ്പും തങ്കമാകും
പ്രണയത്താല്‍ ചണ്ടിയും വീഞ്ഞായി മാറും
പ്രണയത്താല്‍ നോവും സ്നേഹതൈലമാകും,
പ്രണയത്താല്‍ ജഡവും ഉയിര്ത്തെണീക്കും.

പ്രണയം,സര്‍വ്വസ്വം

മകനേ, നിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിയൂ.
ഇനിയുമെത്രനാള്‍ പൊന്നിന്റെയും വെള്ളിയുടേയും
ദാസനായിക്കഴിയും?

സമുദ്രത്തെ
നിനക്ക് ഒരു പാനപാത്രത്തില്‍
നിറയ്ക്കാന്‍ കഴിയുമോ?
അത്യാഗ്രഹിയുടെ കണ്ണ്
ഒരിയ്ക്കലും തൃപ്തിയടയില്ല.
ചിപ്പി സംതൃപ്തനായാല്‍ മാത്രമേ
അതില്‍ മുത്തുനിറയൂ.

ഒരുവനിലെ
അത്യാഗ്രഹങ്ങളുടെ
കുപ്പായം കീറിയെറിയും വരേയ്ക്കും
അവന്‍ സ്നേഹിക്കപ്പെടാന്‍ യോഗ്യന്‍ ..

അല്ലയോ
പരിശുദ്ധപ്രണയമേ,
നീയാണ് ഞങ്ങളുടെ വൈദ്യന്‍ .
ദുരഭിമാനത്തിനും, നാട്യങ്ങള്‍ക്കും
മറുമരുന്നും നീ.

നീ
തന്നെ ഞങ്ങളുടെ പ്ലേറ്റോയും ഗാലനും.
അചഞ്ചലനായ പര്‍വതവും
പ്രണയത്താല്‍ ആനന്ദനൃത്തമാടും!
സീനാമലയ്ക്ക് ജീവന്‍നല്‍കിയ സ്നേഹത്താലാണ്
മൂസാനബി ബോധരഹിതനായതും .

പ്രാണപ്രിയനില്‍നിന്നു
വേര്‍പെട്ടവന്‍ മൂകനായ്‌ മാറും.
എന്റെ അധരങ്ങളില്‍ പ്രണയിയുടെ
ചുംബനം ലഭിച്ചാല്‍ ഞാനുമൊരു
പുല്ലാങ്കുഴലായി മാറും .

വാക്കുകള്‍ക്ക് അര്‍ത്ഥവും ഗുണവും കിട്ടാന്‍
ആസ്വദിക്കുവാനുള്ള ഹൃദയം വേണം.

പ്രതിഛായ
ഉണ്ടാവില്ലെങ്കില്‍
പിന്നെ കണ്ണാടിയെന്തിന്!
സ്നേഹത്തിന്റെ
ചെറുകാറ്റുപോലുമേശത്തതിനാല്‍
അത് പൊടിയാല്‍ മറഞ്ഞിരിക്കുന്നു.

Wednesday, October 28, 2009

വാനമ്പാടിയും പനിനീര്‍പ്പൂവും

വാനമ്പാടി പനിനീര്‍പ്പൂവിനോട്:
"ഞാനും നീയും മാത്രമുള്ള
ഈ നിമിഷങ്ങളില്‍
നിന്‍റെ ഹൃദയത്തിലെന്താ-
ണെന്നെന്നോടുപറയൂ..."
പനിനീര്‍ പുഷ്പം:
"നീ നിന്നില്‍ തന്നെ മുഴുകി
ഇരിക്കുവോളം
നീയത് ചിന്തിയ്ക്കപോലുമരുത്.
ചെളിയും വെള്ളവും കൊണ്ട്
നിര്‍മ്മിച്ച ഈ ലോകത്തുനിന്നും
നിന്‍റെ ഞാനെന്നഭാവം
എടുത്തു മാറ്റൂ ,
നിന്നിലാ ദിവ്യ ചൈതന്യം
നിറയ്ക്കൂ ..."

ദൈവം മറഞ്ഞിരിക്കുന്നു

മറഞ്ഞിരിക്കുന്ന വസ്തുക്കള്‍
വൈരുധ്യങ്ങളാല്‍ പ്രത്യക്ഷമാകുന്നു
(ഇരുട്ടിനാല്‍ വെളിച്ചമെന്നപോലെ) .
ദൈവത്തിന് എതിരാളിയില്ല
അതിനാല്‍ അവന്‍
മറഞ്ഞേ ഇരിയ്ക്കുന്നു .
നമ്മുടെ കണ്ണുകള്‍ക്ക്‌
അവന്‍ അപ്രാപ്യന്‍ .
അവനോ,എന്തും പ്രാപ്യം !

Tuesday, October 27, 2009

എന്റെ മരണദിനത്തില്‍

എന്റെ മരണദിനത്തില്‍ ,
മയ്യത്ത് കൊണ്ടുപോകുമ്പോള്‍
ഈ ലോകത്തോടു വിടചോല്ലുന്നതില്‍
ഞാന്‍ വേദനിക്കുന്നു
എന്ന ചിന്ത വേണ്ട .

എനിക്കുവേണ്ടി കരയരുത് .
'ഹാ കഷ്ടം'എന്നാര്‍ത്തലക്കരുത്‌.
ചെകുത്താന്റെ പ്രലോഭനങ്ങളില്‍
കുടുങ്ങാതിരിക്കുക .

അകലുന്ന മയ്യത്തിനെ നോക്കി
'അവന്‍ നമ്മെ വിട്ടുപോകുന്നു'
എന്നു വിലപിക്കരുത്.
എനിക്കത് പുനഃസമാഗമത്തിന്റെ
നിമിഷങ്ങള്‍ .

എന്നെ നിങ്ങള്‍ മണ്ണില്‍ അടക്കുമ്പോള്‍
യാത്രാമൊഴി ചൊല്ലരുത് .
എനിക്കത് പരലോകത്തെ
കൂടിചേരലിനുള്ള മറ മാത്രം.

എന്നെ ഖബറിലേക്ക് താഴ്ത്തുമ്പോള്‍
നിങ്ങള്‍ ഉയര്‍ച്ചയെ കുറിച്ച് ചിന്തിക്കൂ .
അസ്തമയത്താല്‍ സൂര്യചന്ദ്രന്മാര്‍
ക്ഷയിക്കുന്നില്ലല്ലോ ?
നിങ്ങള്‍ക്കു അസ്തമയമായി
തോന്നുന്നത് ഉദയത്തിന്റെ
തുടക്കം മാത്രം .

ഖബര്‍ ഒരു തടവറയായി
നിങ്ങള്‍ക്ക് തോന്നാം.
എന്നാല്‍ അവിടെ ആത്മാവ്
സ്വതന്ത്രമാക്കപ്പെടുന്നു.

വിത്ത് മണ്ണിനടിയില്‍ പെട്ടാലെ
ചെടിയായി വളരൂ ,
അതുപോലെ മനുഷ്യനും.
തൊട്ടിയില്‍ ജലം നിറയാന്‍
അത് താഴേക്കിറക്കണം.

ആ ലോകത്ത് വാചാലനാകാന്‍
ഞാന്‍ ഇവിടെ നിശബ്ദനാകുന്നു.
ഇനി,
എന്റെ സംഗീതം
ആ അദൃശ്യലോകത്ത്
മാറ്റൊലിക്കൊള്ളട്ടെ.

Saturday, October 24, 2009

പുറപ്പാടിന്റെ കേളികൊട്ട്


അനുരാഗികളേ,
ഈ ലോകത്തുനിന്ന്
യാത്രയാകാനുള്ള സമയമായി .
സ്വര്‍ലോകത്തുനിന്നുയരുന്ന
പുറപ്പാടിന്‍റെ കേളികൊട്ട്
എന്‍റെ ആത്മാവുകേള്‍ക്കുന്നു.

സാര്ത്ഥവാഹകര്‍ ഒരുങ്ങിക്കഴിഞ്ഞു.
ഒട്ടകക്കാരന്‍ യാത്രയുടെ തിരക്കിലാണ് .
യാത്രയില്‍ ഉണ്ടാകാവുന്ന കഷ്ടതകള്‍ക്ക്
അവന്‍ നമ്മോടു ക്ഷമ ചോദിക്കുന്നു.
നമ്മള്‍ ,യാത്രക്കാരെന്താണ്
സുഷുപ്തിയില്‍ മുഴുകുന്നതെന്ന്
അവന്‍ ആശ്ചര്യപ്പെടുന്നു .

എവിടേയും വേര്‍പാടിന്റെ
അടക്കം പറച്ചിലുകള്‍ ,
ഒട്ടകങ്ങളുടെ മണികിലുക്കങ്ങള്‍ .

മെഴുതിരിനാളംപോലെ നക്ഷത്രങ്ങള്‍
നീലമേലാപ്പിനിടയില്‍ക്കൂടി
ഇമയിളക്കാതെ നോക്കുന്നു.

ആ അദൃശ്യതലമൊരുക്കാനായ്
കാണാമറയത്തെ മാലാഖമാര്‍
മുന്നോട്ടു വരുന്നൂ.

തിരിയുന്ന ആ ഗോളത്തില്‍
നിങ്ങള്‍ ഗാഢനിദ്രയിലായിരുന്നു.
ഉറക്കം ദീര്‍ഘവും വിരസവുമാണ്
ജീവിതമോ,വളരെ ലഘുവും !

പുറപ്പാടിന്‍റെ ഈ വേളയില്‍
ഹൃദയമേ,നീ നിന്‍റെ പ്രിയനേ തേടൂ.
സുഹൃത്തേ,നീ നിന്‍റെ സുഹൃത്തിനെയും .
കാവല്‍ക്കാരാ ഉണരൂ ,
ഉറങ്ങുന്ന കാവല്‍ക്കാരെ
ഇനിയിവിടെ ആവശ്യമില്ല.

ശബ്ദ,ചലനങ്ങളാലും,ദീപപ്രഭകളാലും
നിറഞ്ഞ ഈരാത്രി നിങ്ങള്‍
ആ അനശ്വര ലോകത്തേക്കു കാലുകുത്തൂ.
ഇത്രനാള്‍ നിങ്ങള്‍ വെറും ഉടലുകള്‍ ,
ഇപ്പോളാ ദിവ്യ ചൈതന്യമേറ്റുവാങ്ങാന്‍
തയ്യാറാകൂ ...

ഞാന്‍ ശില്പി

ഞാന്‍ ശില്പി,
രൂപങ്ങള്‍ മെനയുന്നു .
ഓരോ നിനിഷവും
ഞാനൊരു വിഗ്രഹം
വാര്‍ത്തെടുക്കുന്നു .
എന്നാല്‍,നിന്‍റെ മുന്നില്‍
ഞാനവയെല്ലാം തച്ചുടക്കുന്നു .

ഓരോ നിമിഷവും
പുതുരൂപങ്ങള്‍ വാര്‍ത്ത്
ഞാനതില്‍ ചൈതന്യ-
മാവാഹിക്കുന്നു.
എന്നാല്‍,നിന്‍റെ മുഖ-
ദര്‍ശനത്താല്‍ എനിക്കവയെല്ലാം
തീയിലെറിയാന്‍ ‍വെമ്പല്‍ !
ആരാണ് നീ?!
മധുശാലയിലെ വിളമ്പുകാരനോ,
സുബോധികളുടെ ശത്രുവോ?
ഞാന്‍ പണിയുന്ന ഓരോ
ഗൃഹവും തകര്‍ക്കുന്നതും നീയോ?!

നിന്‍റെ സൌരഭ്യത്തില്‍ മുങ്ങി
എന്‍റെ ആത്മാവ്
നിന്റെതുമായി അലിയുന്നു
ഞാനതിനെ താലോലിക്കട്ടെ.

ഞാന്‍ ചിന്തുന്ന ഓരോതുള്ളി രക്തവും
ലോകത്തോടു വിളിച്ചുപറയുന്നൂ:
"ഞാനെന്‍റെ പ്രിയനോടു ചേര്‍ന്നിരിക്കുന്നൂ".
എന്‍റെയീ മണ്‍ ‍കുടിലില്‍
നിന്‍റെ സാമീപ്യത്തിനായ് ഹൃദയം
കേഴുന്നൂ .
പ്രിയനേ, എന്‍റെ കുടിലിലേക്കു വരൂ,
അല്ലെങ്കിലീ കുടിലുപേക്ഷിച്ചു പോകാന്‍
എന്നെ നീ അനുവദിക്കൂ ...

Wednesday, October 21, 2009

ചിന്തകനും അനുരാഗിയും

ചിന്തകന്‍ എപ്പോഴും
നാട്യങ്ങളില്‍ മുഴുകുന്നു.
അനുരാഗി തന്നേത്തന്നെ
മറക്കുന്നു .

ചിന്തകന്‍ പൊങ്ങിവരുന്ന ജലത്തെ
പേടിച്ചോടുന്നു.
അനുരാഗി,സമുദ്രത്തില്‍
മുങ്ങിതാഴാനും തയ്യാര്‍ .

ചിന്തകന്‍ സദാ
വിശ്രമം തേടുന്നു.
അനുരാഗിയോ
അസ്വസ്ഥനായലയുന്നു.

അനുരാഗി ആള്‍ക്കൂട്ടത്തിലും
ഏകാനായിരിക്കുന്നു .
എണ്ണയും ജലവും പോലെ
അവര്‍ക്കൊരിക്കലും
തമ്മില്‍ ചേരാനാകില്ല .

ഉപദേശം തേടിയെത്തുന്നവര്‍ക്ക്
അനുരാഗിയില്‍ നിന്നും
ഒന്നും ലഭിക്കുന്നില്ല .
അവന്‍ വികാരങ്ങള്‍ക്ക്
അടിമ .

പ്രണയം, കസ്തൂരിപോലെ
അതിന്‍റെ സൌരഭ്യത്താല്‍
പ്രസിദ്ധമാണ് .
കസ്തൂരിക്കതിന്റെ കീര്‍ത്തിയില്‍നിന്നും
മാറിനില്‍ക്കാനാവുമോ?!

പ്രണയമൊരു വൃക്ഷവും ,
അനുരാഗിയതിന്‍റെ തണലുമാണ് .
തണലിനേറെ ദൂരം
പടരാന്‍ കഴിയും ,എന്നാല്‍
മരത്തിനെ വിട്ടു
നിലനില്‍പ്പുണ്ടോ ?!

ചിന്തകനാവാന്‍ ,ഒരു കുഞ്ഞു
വളര്‍ന്നു വലുതാകണം .
എന്നാല്‍,പ്രണയം വൃദ്ധരേയും
യൌവ്വനത്തിലേക്കു
മടക്കി കൊണ്ടുവരുന്നു .

നീയും ഞാനും

നാമിരുവരുമൊരുമിച്ചിരിക്കുന്ന
ഈ അനര്ഘനിമിഷങ്ങളില്‍
രണ്ടു രൂപങ്ങളില്‍,
രണ്ടു മുഖങ്ങളില്‍
നമ്മളൊരാത്മാവ്.

ഈ പൂന്തോപ്പില്‍
ചുറ്റിക്കറങ്ങുമ്പോള്‍
പൂക്കളുടെ നറുമണവും
കിളിക്കൊഞ്ചലുകളും
നമുക്കിന്നു ജീവാമൃതം .

നമ്മെ ഉറ്റുനോക്കുന്ന
ആ നക്ഷത്രങ്ങള്‍ക്ക്
ചന്ദ്രബിംബം
നമ്മള്‍ കാട്ടിക്കൊടുക്കും.

രണ്ടെന്ന ഭാവം വെടിഞ്ഞ്
നമ്മള്‍ ഒന്നാകലിന്റെ
നിര്‍വൃതി അനുഭവിക്കും.

ആ ഹര്ഷോന്മാദത്തില്‍ നമ്മള്‍
പാഴ്വാക്കുകളില്‍നിന്നു
മോചിതരാകും

മധു നുകരാനെത്തുന്ന
ആകാശപ്പറവകള്‍
നമ്മുടെ സന്തോഷാശ്രുക്കളാല്‍
ഹൃദയം നിറയ്ക്കും .

ഏതിന്ദ്രജാലത്താലാണ്
ലോകത്തിന്‍റെ രണ്ടറ്റത്താണെങ്കിലും
നാമിങ്ങനെ ചേര്‍ന്നിരിക്കുന്നത് ?!

ഈ ലോകത്ത് നമുക്കൊരു രൂപം
അടുത്ത ലോകത്തു മറ്റൊന്നാകാം .
ഒടുവില്‍ ,
ആ അനശ്വര ലോകത്തും
നാമിരുവരുമൊന്നായിരിക്കും.

സത്യവും രൂപവും

പ്രകാശമുണ്ടെങ്കിലേ നിറങ്ങള്‍
തിരിച്ചറിയപ്പെടൂ.
പച്ചയും,മഞ്ഞയും,ചുവപ്പുമെല്ലാം
ഇരുട്ടില്‍ കാഴ്ചയില്‍ നിന്നും
മറയുന്നു .
ഇരുട്ടില്‍ മാത്രമേ
പ്രകാശം ദൃശ്യമാകൂ.
മറഞ്ഞിരിക്കുന്നതെല്ലാം
വൈരുദ്ധ്യത്താല്‍ പ്രകടമാകുന്നു .
എന്നാല്‍ ,
ദൈവത്തിനു വൈരുദ്ധ്യമില്ല.
അതിനാല്‍
എല്ലാം കാണുന്ന അവന്‍
മനുഷ്യ നേത്രങ്ങളില്‍ നിന്നും
സ്വയം മറഞ്ഞിരിക്കുന്നു.
ഇരുണ്ടവനാന്തരത്തില്‍ നിന്ന്
പുറത്തേക്കു കുതിക്കുന്ന
കടുവയെപോല്‍
ദൃഷ്ടിഗോചരമല്ലാത്ത
അവനില്‍ നിന്നും
ദിവ്യചൈതന്യം
ബഹിര്‍ഗമിക്കുന്നു.

എന്റെ കവിത

എന്റെ കവിത
ഈജിപ്ഷ്യന്‍ റൊട്ടിപൊലെ.
സമയം വൈകുന്തോറും
നിനക്കിത് ഉപയോഗ ശൂന്യമാവും .
പൊടിപടലങ്ങള്‍
പുരളും മുന്‍പേ ,
പുതുമമായും മുന്‍പേ
നീയിതു രുചിച്ചു നോക്കൂ .
ഇത് ഹൃദയച്ചൂടില്‍ ചുട്ടെടുത്തത്.
ലൌകിക തണുപ്പേറ്റാല്‍
ജലത്തില്‍നിന്നും പുറത്തെത്തിയ
മത്സ്യം പോലെ ജീവനില്ലാതായേക്കാം.
എങ്കില്‍ ,
ഇതിന്റെ രുചിയറിയാന്‍
നിങ്ങളുടെ ഭാവന
കഠിനാധ്വാനം ചെയ്യേണ്ടിവന്നേക്കാം.
അങ്ങനെയെങ്കില്‍ സുഹൃത്തേ,
നിങ്ങള്‍ രുചിക്കുന്നത്
നിങ്ങളുടെ ഭാവനയുടെ സൃഷ്ടിയായിരിക്കും.
എന്റെയീ പഴമൊഴികളാകില്ല.

ദിവ്യചൈതന്യവാഹകര്‍

എപ്പോഴൊരുവന്‍
ദിവ്യചൈതന്യത്തിന്‍
വാഹനമാകുന്നുവോ ,
അപ്പോഴവന്‍ മാനുഷിക
ലക്ഷണങ്ങള്‍ക്കതീതന്‍ .
അവന്‍ പറയുന്നതെന്തുമാ-
ചൈതന്യത്തിന്‍ വചനങ്ങള്‍ .
ഇഹലോകവാസികള്‍ക്കായി
പരലോകചൈതന്യത്തിന്‍
വചനങ്ങള്‍ !

Tuesday, October 20, 2009

വാചാലനാകാതിരിക്കൂ


ഇന്നലെ പുലര്‍ച്ചക്ക്
അവന്‍ എന്നോടോതി:
നീ എന്റെ സമുദ്രത്തിലെ
ഒരു തുള്ളിയാണ്.
പിന്നെന്തിനീ വാചാലത?!
നീ ഈ സമുദ്രത്തിലിറങ്ങൂ,
ഈ ചിപ്പിയുടെതോട് നീ
മുത്തുകള്‍ കൊണ്ടു നിറക്കൂ...

നിന്‍റെ ചൊടികളെ അടക്കി നീ-
യൊരു മുത്തുച്ചിപ്പിയെപ്പോല്‍
മൌനിയായിരിക്കൂ.
പ്രിയ സ്നേഹിതാ,
നിന്‍റെ നാവ് ആത്മാവിന്റെ
ശത്രുവാകുന്നത് തടയൂ.

അധരങ്ങള്‍ മൌനിയാകുമ്പോള്‍
ഹൃദയത്തിനായിരം നാവുണരുന്നു.
നിശബ്ദനാവൂ,
എന്തിനാണിനിയുമീ പരീക്ഷണം?

വിശുദ്ധരുടെ ചൈതന്യം


പാപികളുടെ ലോകത്തെ
വെടിപ്പാക്കാനായി
ദൈവകൃപയാല്‍
സ്വര്‍ഗ്ഗത്തില്‍ നിന്നൊരു
ജലധാരയൊഴുകി.
ഒടുവില്‍ ,
അതിലലിഞ്ഞു ചേര്‍ന്ന
പാപഫലങ്ങളാല്‍
പവിത്രത നഷ്ട്ടപ്പെട്ട്,
മലിനമായി
ഉത്ഭവ സ്ഥാനത്തേക്ക്
തിരിച്ചൊഴുകി.
അവിടെ,
തന്‍റെ മാലിന്യങ്ങള്‍
ശുദ്ധീകരിച്ച്,
നിര്‍മ്മലയായി
വീണ്ടും ഭൂമിയിലെക്കൊഴുകി .
ആ നിര്‍മ്മല ജലമാണ്
വിശുദ്ധരുടെ ചൈതന്യം .
അത് വേദനിക്കുന്നവനുമേല്‍
ദൈവത്തിന്റെ സ്നേഹതൈലമാകുന്നു .
അവസാനം സ്വര്‍ഗ്ഗത്തിലേക്കു
തിരികെയൊഴുകുന്നൂ.

സംഗീതം

പ്രണയികളുടെ ഇഷ്ടഭോജ്യമാണ്
സംഗീതം .
അത് ആത്മാവിനെ
ഉത്കൃഷ്ടതയിലേക്കുയര്ത്തുന്നൂ.
അന്തര്‍ലീനമായ
അഗ്നിയെ ഊതിക്കത്തിക്കുന്നു ,
ശ്രവിക്കുന്നവര്‍ക്ക് ആനന്ദവും
സ്വാസ്ഥ്യവും നല്‍കുന്നു .

എന്നെ ഉന്മാദിയാക്കൂ

ഓ,അതുല്യനായ ജീവദാതാവേ,
എന്‍റെ പ്രജ്ഞയുടെ കെട്ടഴിച്ചുവിടൂ
അതിന്റെ ചാരക്കണ്ണുമായ്‌
നാട്യങ്ങള്‍ തോറുമലയാന്‍ വിടൂ.
എന്‍റെ തലയോട്ടി വെട്ടിപ്പോളിച്ച -
തില്‍ ഉന്മാദത്തിന്റെ മധു നിറയ്ക്കൂ...
നിന്നെപ്പോലെ,
നിന്നോടൊപ്പം ഉന്മാദിയാവാന്‍
എന്നെ നീ അനുവദിക്കൂ ...
വിഡ്ഠികളുടെ സാമാന്യബുദ്ധിക്കുമപ്പുറം
അവിടെയൊരു കത്തുന്ന മരുഭൂമി .
നിന്റെ താപത്താല്‍ ഓരോ അണുവും
പവിത്രമാക്കപ്പെടുന്ന ആതലത്തിലേക്ക്
എന്നെ നീ വലിച്ചിഴക്കൂ.
പൂര്‍ണതയുടെ ആ എരിതീയി-
ലെന്നെ നീ ചുട്ടെടുക്കൂ...

ഹൃദയം

എക്കാലവും നിലനില്‍ക്കുന്ന
സൌന്ദര്യം
ഹൃദയ ഭംഗിയാണ്‌ .
അതിന്റെ അധരങ്ങള്‍
ജീവപാനീയം ദാനം ചെയ്യുന്നു .
നിങ്ങളിലെ മന്ത്രത്തകിട് നശിക്കുമ്പോള്‍
ആ പാനീയവും, ദാതാവും
സ്വീകര്‍ത്താവും ഒന്നായിതീരുന്നു .
ആ ഒന്നാകല്‍ യുക്തിചിന്തകള്‍-
ക്കപ്രാപ്യമാണ് .

രഹസ്യം

രഹസ്യം പറയുന്നത്
പ്രത്യേക രീതിയിലാവണം .
കേള്‍ക്കുന്നവനു വിശ്വസനീയമായി ,
വാക്ചാതുര്യത്തോടെ പറയണം .
സൂക്ഷ്മ വശങ്ങള്‍ക്ക്
പ്രത്യേക ഊന്നല്‍ നല്‍കണം .
രഹസ്യത്തിന്റെ പങ്കാളിയതു-
വിശ്വസിക്കുന്നവന്‍ മാത്രമാണ്.
അതില്‍ വിശ്വസിക്കാത്തവന്‍റെ
കാതില്‍ രഹസ്യത്തിനു
സ്ഥാനമേതുമില്ല.

ഒന്നായിരിക്കും

കഴിഞ്ഞരാത്രി എന്നെ തനിച്ചാക്കി
നീ ഗാഢനിദ്രയിലാണ്ടു.
ഈ രാത്രി നീ തിരിഞ്ഞും
മറിഞ്ഞും അസ്വസ്ഥനായി ...

എപ്പോള്‍ നീ ഉന്മത്തനാകുന്നുവോ
അപ്പോള്‍ നീ നിന്റെതെന്നു
കരുതുന്ന വസ്തുക്കള്‍
പെറുക്കിയടുക്കുന്നു .

എന്നാല്‍ ‍ഞാന്‍ പറയുന്നൂ :
"ഈ വിശ്വമലിഞ്ഞില്ലാതെ-
യാകും വരേയ്ക്കും
നമ്മളിരുവരുമൊന്നായിരിക്കും"

ഇനിയും പേരിടാത്താരക

വളര്ത്തമ്മയില്‍ നിന്നുമകറ്റിയ കുഞ്ഞ്
ക്ഷണനേരം കൊണ്ടവളെ മറക്കുന്നു.
ഭൂമിക്കടിയില്‍ ഉണ്ടുറങ്ങിയ വിത്ത്‌
പുറന്തോടു പൊട്ടിച്ച്‌
സൂര്യനുനേരെ തലയുയര്‍ത്തുന്നു.
അജ്ഞാതമായ പ്രകാശം നിറച്ച്
ആകാശ വീഥിയിലൂടെ സഞ്ചരിക്കുന്ന
ആ പേരിടാത്താരക പോലെ
നീയുമീ ദിവ്യപ്രകാശം രുചിച്ച്
വൈയക്തികങ്ങളാം പുറന്തോടു-
പൊട്ടിച്ചീ ബൗദ്ധികലോകത്തെത്തൂ .

എന്നെ നീ പ്രണയിക്കുന്നുവോ?

ഇന്നലെ അവന്‍ എന്നോട്
ചോദിച്ചൂ :
"നീ എന്നെ പ്രണയിക്കുന്നുവോ?
എന്നെ പ്രണയിക്കുന്നതിലേറെ
നീ നിന്നെ സ്നേഹിക്കുന്നില്ലേ?"

ഞാന്‍ :
"എന്നിലെ ഞാന്‍ എന്നേ മരിച്ചു!
ഇന്നു ഞാന്‍ ജീവിക്കുന്നത്
നിനക്കായി മാത്രം.

ഞാനുമെന്റെതായ സര്‍വ്വവസ്തുക്കളും
എന്നേ മറഞ്ഞു പോയി.
ഇന്നെന്റെ അസ്ഥിത്വം
നിനക്കായി മാത്രം.

എന്റെ അറിവും പഠിപ്പുമെല്ലാം
എന്നേ കൈവിട്ടുപോയി.
എന്നാല്‍ നിന്നെ അറിഞ്ഞപ്പോള്‍
ഞാനൊരു പണ്ഡിതനായി

എന്റെ ശക്തിയാകെ
എന്നേ നശിച്ചുപോയി
എന്നാല്‍ നിന്റെ ശക്തിയാല്‍
എനിക്കിന്നെന്തും സാധ്യം.

ഞാന്‍ എന്നെ പ്രണയിക്കുന്നുവെന്നാല്‍
ഞാന്‍ നിന്നെ സ്നേഹിക്കുന്നു
ഞാന്‍ നിന്നെ പ്രണയിക്കുന്നുവെന്നാല്‍
ഞാന്‍ എന്നെ സ്നേഹിക്കുന്നു "

പ്രണയമില്ലെങ്കില്‍ ജീവിതം വ്യര്‍ത്ഥം

പ്രണയമെന്നാല്‍
ജീവിത സമരമാണ് .
പ്രണയമില്ലെങ്കിലോ
ജീവിതം വ്യര്‍ത്ഥം .
ആത്മാവും ഹൃദയവും കൊണ്ട്
അത് സമ്പൂര്‍ണമായി
പാനം ചെയ്യൂ ...

Monday, October 19, 2009

സ്വയമറിയാതെ

നീ നിനക്കുന്നു
പ്രശ്നങ്ങള്‍ക്കാധാരം
നീയെന്ന്.
നീ കവാടത്തിന്റെ തുറക്കാനാവാത്ത
പൂട്ടെന്നും .
എന്നാല്‍ ,നീ പ്രശ്നപരിഹാരിയാണ്,
താക്കോലും നീ തന്നെ
സ്വന്തം മുഖവും സൌന്ദര്യവും
നീ കാണുന്നില്ല ,
നിനക്ക് മറ്റൊരാളാകാന്‍ മോഹം !
എനിക്കറിയാം ,നിന്റെ മുഖത്തേക്കാള്‍
സുന്ദരമായി മറ്റൊന്ന്
കണ്ടെത്താനാവില്ലെന്ന്.

പ്രജ്ഞ നഷ്ടപ്പെട്ടവന്‍

എന്റെ ഹൃദയം സ്നേഹത്താല്‍
ജ്വലിക്കുകയാണ് .
നിങ്ങളീ ജ്വാല കാണുന്നില്ലേ ?
കടലില്‍ തിരകളെന്നപോലെ
ഹൃദയം പ്രണയത്താല്‍
ഇളകിമറിയുകയാണ്.
സുഹൃത്തുക്കളെനിക്കിന്നന്യരാണ്
ഞാനിന്നു ശത്രുവലയത്തില്‍ .
എന്നാല്‍,ഞാന്‍ കാറ്റിനെപ്പോലെ
സ്വതന്ത്രനാണ് .
ആര്‍ക്കുമെന്നെ നോവിക്കാനാവില്ല
എവിടെയായാലും ഞാനെന്‍റെ
സ്വന്തം ഗൃഹത്തിലാണ് .
അനുരാഗികളുടെ കൂടാരത്തിലെ
നൃത്ത സൌന്ദര്യം കണ്ണടച്ചാലു-
മെനിക്കിന്നു കാണാം
മൂടുപടത്തിനു പിന്നില്‍ ,
പ്രണയത്താല്‍ ഉന്മത്തനായി
കറങ്ങുന്ന ലോകത്തിന്റെ താളത്തില്‍
ഞാനും നൃത്തമാടുന്നു
പ്രണയികളുടെ ലോകത്തില്‍
പ്രജ്ഞ നഷ്ട്ടപ്പെട്ടവനായി ...

ഒരു നിഴലെന്നപോല്‍ ഞാന്‍ ...

ഇനിയും വന്നെത്താത്ത
വെള്ളപ്പൊക്കത്തില്‍
ഞാന്‍ നനഞ്ഞു കുതിര്‍ന്നു .

ഇനിയും യാഥാര്ത്ഥ്യമാകാത്ത
കല്ത്തുറുങ്കില്‍ ഞാന്‍
ബന്ധനസ്ഥനാണ്

ചതുരംഗ പലകയില്‍
കളിക്കാതെ തന്നെ ഞാന്‍
അടിയറവു പറഞ്ഞു

മധുചഷകത്തില്‍ നിന്നൊ-
രുതുള്ളി നുണയാതെ
ഞാനിന്നു മദോന്മ്മത്താനായി

പടക്കളത്തില്‍ കയറാതെ
ഞാനൊരു മുറിവേറ്റ
പടയാളിയായി

ഉണ്മയും മിഥ്യയും തിരിച്ചറിയാതെ
ഞാനിന്ന്,
ഒരു നിഴലെന്ന പോല്‍
ഞാനുണ്ട് ,എന്നാല്‍ ഇല്ല താനും !

കാഴ്ചക്കപ്പുറം

ശരികള്‍ക്കും തെറ്റുകള്‍ക്കു -
മപ്പുറം ഒരു തലമുണ്ട്‌
ഞാന്‍ നിന്നെ അവിടെ
സംഗമിക്കും .
ആ പുല്ത്തകിടിക്കുമേല്‍
ആത്മാവു വിശ്രമംകൊള്ളുമ്പോള്‍
ലോകം വര്‍ണ്ണനാതീതമായി
നിറഞ്ഞിരിക്കും .
ഭാഷയും,ഭാവനയും,യുക്തിയും
തമ്മില്‍ ചേരാതെ
അര്ഥശൂന്യമായലയും .

ഞങ്ങളുടെ പാത നിനക്കുള്ളതല്ല

നിനക്ക് സുഗന്ധം അനുഭവിക്കാനാവില്ലെങ്കില്‍
സ്നേഹത്തിന്റെ പൂന്തോപ്പില്‍
പ്രവേശിക്കാതിരിക്കുക .

നഗ്നനാവാന്‍ നീ തയാറല്ലെങ്കില്‍
സത്യത്തിന്റെ പാതയില്‍
കയറാതിരിക്കുക .

നീ എവിടെയാണോ അവിടെതന്നെ
നില്‍ക്കുക .
ഞങ്ങളുടെ പാത
നിനക്കുള്ളതല്ല .

ഹൃദയത്തില്‍ മെഴുതിരിയുമായി

നിന്റെ ഹൃദയത്തില്‍
തെളിക്കാന്‍ തയാറാക്കിവച്ച
ഒരു മെഴുതിരിയുണ്ട് .
നിന്റെ ആത്മാവില്‍ നിറയാന്‍ തയാറായ
ഒരു ശൂന്യതയും .
നിനക്കതു അനുഭവിക്കാനാവുന്നില്ലേ ?
നിനക്ക് പ്രിയനില്‍ നിന്നുള്ള
വേര്‍പാട്‌ അനുഭവിക്കാനാവുന്നില്ലേ ?
നിന്നില്‍ നിറയാനും ,
നിന്നിലെ അഗ്നിയെ ആശ്ലേഷിക്കാനും
നിന്റെ പ്രിയനെ ക്ഷണിക്കൂ ...
മറിച്ചുപദേശിക്കുന്നവരോടു
സ്നേഹം സ്നേഹത്തിനുവേണ്ടിയുള്ളതാണെന്നും
അതിന്റെ നേട്ടം പഠിപ്പിക്കാനാവില്ലെന്നും
ഓര്‍മ്മപ്പെടുത്തൂ

പനിനീര്‍പൂവു കൊഴിയുമ്പോള്‍

പനിനീര്‍പൂവു കൊഴിയുകയും
പൂന്തോപ്പു വാടുകയും ചെയ്‌താല്‍
വാനമ്പാടി പാട്ടുനിര്‍ത്തുന്നു .
പ്രേമഭാജനം സര്‍വ്വം
അനുരാഗിയോ,
വെറും യവനിക മാത്രം .
അവന്റെ പ്രണയം ക്ഷയിച്ചാല്‍
അവഗണിക്കപ്പെട്ട വളര്‍ത്തു പക്ഷിപോല്‍ മനം .
പ്രിയമുള്ളവനേ ,
നിന്റെ സ്നേഹപ്രകാശമില്ലെങ്കില്‍ ഞാന്‍
വെറുമൊരു ശയ്യാവലംബിയാം
ജീവച്ഛവം...

ഉന്മത്തനായി ഞാന്‍ ...

നിന്റെ സ്നേഹത്താല്‍
സംയമനം നഷ്ടപ്പെട്ടു ഞാന്‍
ഉന്മത്തനായി ...

പൂന്തോപ്പില്‍ ഞാന്‍ കാണുന്നത്
നിന്റെ മുഖം മാത്രം
ശ്വാസത്തില്‍ നിന്റെ ഗന്ധവും .

ഇനിയെനിക്കീ പ്രണയിയേയും
പ്രണയഭാജനത്തേയും
തമ്മില്‍ വേര്‍തിരിക്കാനാവില്ലൊരിക്കലും

റൂമിയുടെ ഗീതങ്ങള്‍

സൂഫി സാഹിത്യത്തിലെ പ്രഥമസ്ഥാനീയനാണ് മൌലാനാ ജലാലുദ്ദീന്‍ റൂമി .1207 ല്‍ പണ്ഡിതനും അധ്യാപകനുമായ ബഹാവുട്ദീന്റെ മകനായി അഫ്ഗാനിലെ ബല്ഖില്‍ ജനിച്ച അദ്ദേഹത്തിന് രാഷ്ട്രീയ കാരണങ്ങളാല്‍ തുര്‍ക്കിയിലേക്ക് പലായനം ചെയ്യേണ്ടി വന്നു . തുര്‍ക്കിയിലെ 'റൂം' പട്ടണത്തില്‍ താമസമാക്കിയതിനാല്‍ റൂമി എന്ന വിളിപ്പേരു വീണു . 1244 ല്‍ വിഖ്യാത സൂഫിവര്യന്‍ ഷംസുദ്ദീന്‍ ടബ്രീസിയെ കണ്ടുമുട്ടിയതോടെയാണ്‌ മതാധ്യാപകനായിരുന്ന റൂമി സൂഫിസത്തിലേക്ക് തിരിയുന്നത് .

പതിമൂന്നാം നൂറ്റാണ്ട്‌ സൂഫി സാഹിത്യത്തിന്റെ ഏറ്റവും സമ്പന്നമായ കാലഘട്ടമായിരുന്നു.ആ സുരഭിലതയുടെയും ,സമൃദ്ധിയുടെയും സമ്പൂര്‍ണ്ണ പ്രാതിനിധ്യം വഹിക്കുന്നു മൌലാനാ ജലാലുദ്ദീന്‍ റൂമി.നൂറ്റാണ്ടുകളെ അതിശയിക്കുന്ന അംഗീകാരവും പ്രശസ്തിയും റൂമിയോളം അവകാശപ്പെടാവുന്ന മറ്റൊരു പേര്‍ഷ്യന്‍ കവി ഇല്ല .
നിരവധി ലോക ഭാഷകളില്‍ വിവര്‍ത്തനങ്ങളിലൂടെ പ്രചരിക്കുന്ന ഷംസ്-ഇ-ടബ്രിസ്,മസ്നവി എന്നീ ബ്രഹദ് സമാഹാരങ്ങളാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍ .

1273 ല്‍ അദ്ദേഹം അന്തരിച്ചു .

ഇവിടെ ഞാനുമൊരെളിയ ശ്രമം നടത്തുന്നു
പദാനുപദ വിവര്‍ത്തനമല്ല ,ഒരു സ്വതന്ത്ര പരിഭാഷയാണ് ഇത് .
സ്വീകരിക്കുക , അനുഗ്രഹിക്കുക ....