Wednesday, August 18, 2010

"ദാ ,ഇങ്ങനെ"

ആരെങ്കിലും
ഹൂറികളെപ്പറ്റി ചോദിച്ചാല്‍
നീ നിന്റെ മുഖമുയര്‍ത്തിപ്പറയൂ
"ദാ,ഇങ്ങനെ ".

ചോദ്യം പൂര്‍ണ്ണചന്ദ്രനെപ്പറ്റി
ആയാല്‍
മച്ചിനു മുകളിലേക്കുയര്‍ന്നു
നീ പറയൂ
"ദാ, ഇങ്ങനെ ".

യക്ഷിക്കഥയിലെ
രാജകുമാരിയെപ്പറ്റി
ചോദിക്കുന്നവര്‍ക്കു
നിന്റെ സുന്ദര മുഖം
നീ കാണിച്ചുകൊടുക്കൂ .

കസ്തൂരിയെപ്പറ്റി
ചോദിച്ചാല്‍ നിന്റെ
കാര്‍കൂന്തലഴിച്ചതിന്‍
പരിമളം പടര്‍ത്തൂ .

മേഘങ്ങള്‍ എങ്ങിനെ
ചന്ദ്രനില്‍നിന്നകലുന്നുവെന്നു
കേള്‍ക്കുന്നവര്‍ക്കു മുന്നില്‍
നിന്റെ മേലങ്കി പതിയെ അഴിച്ചു മാറ്റൂ ,
എന്നിട്ട് പറയൂ
" ദാ, ഇങ്ങനെ".

മിശിഹാ എങ്ങിനെയാണ്
മരിച്ചവനെ ജീവിപ്പിച്ചതെന്നു
കേള്‍ക്കുന്നവരുടെ മുന്നില്‍
നീ എന്റെ ചുണ്ടില്‍ ചുംബിച്ചു പറയൂ
"ദാ, ഇങ്ങനെ".

പ്രണയംകൊണ്ടെങ്ങിനെ
വധിക്കപ്പെടുന്നുവെന്നു
കേള്‍ക്കുന്നവര്‍ക്കു നീ
എന്റെ ആത്മാവിനെ
ചൂണ്ടി കാണിക്കൂ ...
അവരോടു പറയൂ
"ദാ, ഇങ്ങനെ ".

No comments:

Post a Comment